നവജ്യോത് സിങ്ങ് സിദ്ദുവിനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്

web-desk -

പഞ്ചാബ്>>>പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജി അംഗീകരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ നവജ്യോത് സിങ്ങ് സിദ്ദുവിനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. നാളെ ഡല്‍ഹിയിലെത്താനാണ് സിദ്ധുവിന് നല്‍കിയ നിര്‍ദേശം.

പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്തും ചര്‍ച്ചകളില്‍ പങ്കെടുക്കും. കഴിഞ്ഞ മാസം 28നാണ് സിദ്ദു ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കിയത്. അതിനുശേഷം പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയുമായി ചര്‍ച്ചയ്ക്ക് സിദ്ദു തയ്യാറായെങ്കിലും ഡിജിപി, അഡ്വക്കേറ്റ് ജനറല്‍ തുടങ്ങിയവരെ മാറ്റണമെന്ന നിലപാടില്‍ സിദ്ദു ഉറച്ചു നില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്ന് സിദ്ദുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പും ചരണ്‍ജിത് സിങ്ങ് നല്‍കി. അതിനുശേഷം രണ്ട് വട്ടം ചരണ്‍ജിത് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയെങ്കിലും സിദ്ദുവിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ മറ്റന്നാള്‍ നടക്കുന്ന ചര്‍ച്ച നിര്‍ണായകമാകും.