പതിനഞ്ചുകാരന്റെ മരണം നരബലിയെ തുടര്‍ന്നെന്ന് ആരോപണം; സഹപാഠികള്‍ക്കെതിരെ കേസ്

-

മൈസൂരു>>പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തിയത് നരബലിയെ തുടര്‍ന്നാണെന്ന മാതാപിതാക്കളുടെ പരാതിയില്‍ 2 സഹപാഠികള്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ കേസെടുത്തു.

ഒപ്പം പഠിക്കുന്ന 3 പേര്‍ കാര്‍ കഴുകാനെന്നു പറഞ്ഞു മകന്‍ മഹേഷിനെ വീട്ടില്‍ നിന്നു തടാകക്കരയിലേക്കു കൂട്ടിക്കൊണ്ടു പോയതാണെന്നും അവിടെ നിന്നു ദുര്‍മന്ത്രവാദത്തിനുപയോഗിക്കുന്ന ദ്രവ്യങ്ങള്‍ കണ്ടെത്തിയെന്നും പിതാവ് സിദ്ധരാജു പറയുന്നു. പൗര്‍ണ്ണമി ദിനത്തില്‍ നരബലി നടത്തിയാല്‍ ഉയര്‍ച്ചയുണ്ടാകുമെന്നു വിശ്വസിക്കുന്ന ചില കുടുംബങ്ങളില്‍പെട്ടവരാണിതു ചെയ്തതെന്നും പരാതിയിലുണ്ട്.

പ്രതികളില്‍ ഏതാനും പേരെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മഹേഷ് എന്ന യുവാവിന്റെ സംശയാസ്പദമായ മരണത്തില്‍ സംശയിക്കുന്നവരെ ചോദ്യം ചെയ്തു വരികയാണെന്ന് മൈസൂരു പോലീസ് സൂപ്രണ്ട് (എസ്പി) ആര്‍.ചേതന്‍ പറഞ്ഞു. നഞ്ചന്‍ഗുഡ് താലൂക്കിലെ ഹലേപുര തടാകത്തിന് സമീപം ജനുവരി രണ്ടിനാണ് മൃതദേഹം കണ്ടെത്തിയത്. മന്ത്രവാദം നടത്തിയ ശേഷം മഹേഷിനെ സുഹൃത്തുക്കള്‍ തടാകത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പരാതി. ഇതുവരെ ശേഖരിച്ച തെളിവുകളുടെയും നാട്ടുകാരുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മകന്റെ മൂന്ന് സഹപാഠികള്‍ക്കെതിരെയും മറ്റ് നാല് പേര്‍ക്കെതിരെയും മനുവിന്റെ പിതാവ് മഹേഷ് കവളണ്ടെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികളായ ഹെമ്മരഗല ശ്രീനിവാസ്, രാജു, നവീന്‍, മുദ്ദു എന്നിവര്‍ മന്ത്രവാദം നടത്തുകയും ഒരു പൗര്‍ണ്ണമി രാത്രിയില്‍ മകനെ തടാകത്തിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പിതാവ് ആരോപിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →