LOADING

Type to search

വിവാഹമോചന വാര്‍ത്ത ശരിവച്ച് നാഗചൈതന്യയും സാമന്തയും

Latest News Local News News

സാമന്ത അക്കിനേനിയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകളാണ് ഏറെനാളായി സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാവിഷയം. ഇരുവരും വിവാഹമോചനത്തിനായി ശ്രമിക്കുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഏതാനും ആഴ്ചകളായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നാഗ ചൈതന്യ.

‘ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭര്‍ത്താക്കന്മാരെന്ന രീതിയില്‍ വേര്‍പ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ടെന്നതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഇനിയും അടുപ്പം നിലനിര്‍ത്തുമെന്ന് വിശ്വസിക്കുന്നു.’

‘ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കമെന്നും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് തരണമെന്നും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി,’ നാഗ ചൈതന്യ കുറിക്കുന്നു.

മുന്‍പ് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലും വിവാഹമോചന വാര്‍ത്തകളോട് പരോക്ഷമായി നാഗചൈതന്യ പ്രതികരിച്ചിരുന്നു. തന്റെ വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവും രണ്ടായി നിലനിര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വരുന്ന വാര്‍ത്തകളില്‍ തനിക്ക് വേദനയുണ്ടെന്നുമാണ് നാഗചൈതന്യ പറഞ്ഞത്.

നാഗചൈതന്യയുടെ ഭാര്യയും തെന്നിന്ത്യന്‍ താരവുമായ സാമന്ത അക്കിനേനി, തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന ഗോസിപ്പ് പുറത്തുവന്നു തുടങ്ങിയത്. വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘തീര്‍ച്ചയായും, തുടക്കത്തില്‍, ഇത് അല്‍പ്പം വേദനാജനകമായിരുന്നു. എന്തുകൊണ്ടാണ് വിനോദമേഖലയിലെ തലക്കെട്ടുകള്‍ ഇങ്ങനെയാവുന്നത് പക്ഷേ അതിനു ശേഷം ഞാന്‍ പഠിച്ചത്, ഇന്നത്തെ കാലത്ത് വാര്‍ത്തകളെ റീപ്ലേസ് ചെയ്യുന്നത് ഇത്തരം വാര്‍ത്തകളാണെന്നാണ്,’ എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി.

‘ഇതൊന്നും ആളുകളുടെ മനസ്സില്‍ അധികനേരം നിലനില്‍ക്കില്ല. യഥാര്‍ത്ഥ വാര്‍ത്തകള്‍, പ്രസക്തമായ വാര്‍ത്തകള്‍ നിലനില്‍ക്കും. എന്നാല്‍ ഇത്തരം ഉപരിപ്ലവമായ വാര്‍ത്തകള്‍, ടിആര്‍പികള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ വിസ്മരിക്കപ്പെടും. ഈ നിരീക്ഷണത്തില്‍ ഞാനെത്തി ചേര്‍ന്നതോടെ, അതെന്നെ ബാധിക്കുന്നത് നിര്‍ത്തി.’

താന്‍ സോഷ്യല്‍ മീഡിയയില്‍ അധികം ശ്രദ്ധിക്കുകയോ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും കൂടുതല്‍ സമയം ചെലവഴിക്കുകയോ ചെയ്യാറില്ലെന്ന് നാഗചൈതന്യ വെളിപ്പെടുത്തി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് വരെ താന്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ കോവിഡ് മഹാമാരി വന്നതോടെ അത് നിര്‍ത്തിവെന്നും നാഗ ചൈതന്യ പറയുന്നു. ‘ഒന്നു രണ്ടു വര്‍ഷം മുമ്ബ് വരെ സോഷ്യല്‍ മീഡിയ എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി വന്നതിനു ശേഷം എന്നില്‍ എന്തോ പരിണമിച്ചതായി തോന്നുന്നു. അല്ലെങ്കില്‍ എന്തോ എന്നെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോയി, അതോടെ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു.’

വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം വേര്‍തിരിച്ച് സൂക്ഷിക്കാന്‍ താനിഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ നാഗചൈതന്യ ഇക്കാര്യം തന്റെ മാതാപിതാക്കളില്‍ നിന്നും താന്‍ വളരെ ചെറുപ്പത്തില്‍ തന്നെ പഠിച്ച കാര്യമാണെന്നും വ്യക്തമാക്കി. ‘എന്റെ കരിയറിലെ തുടക്കം മുതല്‍ ഞാനെന്റെ വ്യക്തിഗത ജീവിതം തീര്‍ത്തും വ്യക്തിപരമായും പ്രൊഫഷണല്‍ ജീവിതം പ്രൊഫഷണലായും തന്നെയാണ് നിലനിര്‍ത്തുന്നത്. ഞാനൊരിക്കലും രണ്ടും മിക്‌സ് ചെയ്തിട്ടില്ല. എന്റെ മാതാപിതാക്കളില്‍ നിന്ന് പഠിച്ച ശീലമാണിത്. അവര്‍ വീട്ടില്‍ വന്നുകഴിഞ്ഞാല്‍ ഒരിക്കലും ജോലിയെക്കുറിച്ച് സംസാരിക്കുന്നതു കണ്ടിട്ടില്ല. അവര്‍ ജോലിക്ക് പോകുമ്‌ബോള്‍, അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ജോലിയിലേക്കും കൊണ്ടുവരാറില്ല. വളരെ നല്ലൊരു ബാലന്‍സ് തന്നെ അവര്‍ സൂക്ഷിച്ചിരുന്നു, ഞാനെപ്പോഴും അത് ശ്രദ്ധിച്ചിരുന്നു.’

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.