കൊച്ചി>>>മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ അഗസ്റ്റിന് സഹോദരങ്ങള്‍ക്കും ഡ്രൈവര്‍ വിനീഷിനും വിചാരണാ കോടതി ജാമ്യമനുവദിച്ചു.
സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. മുഖ്യ പ്രതികളായ ആന്റോ അഗസ്റ്റിന്, റോജി അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, ഡ്രൈവര്‍ വിനീഷ് എന്നിവര്‍ക്കാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച, പ്രതികള്‍ അറസ്റ്റിലായി 60 ദിവസം പിന്നിട്ടിരുന്നു. പത്തു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി. അതേസമയം, വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത ചില കേസുകളില്‍ കൂടി ജാമ്യം നേടിയാലേ പ്രതികള്‍ക്ക് ജയില്‍ മോചിതരാവാന്‍ സാധിക്കൂ.
Follow us on