മുട്ടില്‍ മരം മുറി: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

രാജി ഇ ആർ -

കൊച്ചി>>>മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. വനഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയെന്ന കേസില്‍ പ്രതികളായ ആന്റൊ ആഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് കെ. പരിപാല്‍ തള്ളിയത്.

പ്രതികള്‍ക്കെതിരെ അന്വേഷണം തുടരുകയാണന്നും ജാമ്യം നല്‍കിയാല്‍ അന്വഷണത്തെ ബാധിക്കുമെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് കോടതി നടപടി. മരം മുറിയുമായി ബന്ധപ്പെട്ട് ആകെ 43 കേസുകളാണ് ഉള്ളത്. ഇതില്‍ 37 ലും ഹര്‍ജിക്കാര്‍ പ്രതികളാണന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വേട്ടയാടുകയാണന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. വന ഭൂമിയില്‍ നിന്ന് ഈട്ടിത്തടി വെട്ടിക്കടത്തിയെന്ന് ആരോപിച്ചാണ് പ്രതികള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുള്ളത്.