സ്ത്രീ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍

തിരുവനന്തപുരം>>
വിഴിഞ്ഞത് സ്ത്രീ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. കൊല്ലപ്പെട്ട ശാന്തകുമാരിയുടെ അയല്‍വാസികളായിരുന്ന റഫീഖ ബീവി, അല്‍ അമീന്‍, ഷെഫീഖ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

വിഴിഞ്ഞം മുല്ലൂരില്‍ വീടിന്റെ മച്ചിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. റഫീഖയുടെ മകനാണ് ഷെഫീഖ് എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

വെള്ളിയാഴ്ച്ച രാത്രിയാണ് ശാന്തകുമാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുടമയുടെ മകന്‍ ഇവിടെയെത്തിയപ്പോള്‍ തട്ടിന്‍ പുറത്തുനിന്ന് രക്തം വാര്‍ന്ന് ഒഴുകുന്നതും സ്ത്രീയുടെ കാലും ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വീട്ടുടമ പൊലീസില്‍ അറിയിച്ചു. വാടകയ്ക്ക് താമസിച്ചിരുന്ന റഫീഖാ ബീവിയാണ് മരിച്ചതെന്നാണ് ആദ്യം കരുതിയത്. ഇതിനിടെയാണ് ശാന്തകുമാരിയെ കാണാനില്ലെന്ന വിവരമെത്തിയത്. ഇതോടെ ദുരൂഹതയേറി. കമീഷണര്‍ സ്പര്‍ജന്‍ കുമാര്‍ സ്ഥലത്തെത്തി ശാന്തകുമാരിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായും കണ്ടെത്തി.

വീട്ടില്‍ വാടകയ്ക്കുതാമസിച്ചിരുന്നവര്‍ കോഴിക്കോട്ടേക്കുള്ള സ്വകാര്യബസില്‍ കയറിയതായി വിവരം ലഭിച്ചു. രാത്രി 10.30 ഓടെ കഴക്കൂട്ടത്തുവച്ച് വാഹനം തടഞ്ഞ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ശാന്തകുമാരിയുടെ വസ്ത്രങ്ങള്‍ വീടിനുമുന്നിലിട്ട് കത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രതികള്‍ കൈക്കലാക്കിയ ആഭരണങ്ങളുടെ കുറച്ചുഭാഗം വിഴിഞ്ഞത്തെ സ്വകാര്യ സ്ഥാപനത്തില്‍ പണയംവച്ചതായും കണ്ടെത്തി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് പൊലീസ്.

ശാന്തകുമാരിയെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് ഇവര്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്ടേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് മൂവരെയും പിടികൂടിയത്. റഫീഖയാണ് കൊല്ലപ്പെട്ടത് എന്നാണ് ആദ്യം പൊലീസ് കരുതിയിരുന്നത്. ശാന്തകുമാരിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വെളിപ്പെട്ടത്. വീടിന്റെ മച്ചിന് മുകളില്‍ മൃതദേഹം ഉപേക്ഷിച്ചു ഇവര്‍ കടന്നു കളയുകയിരുന്നു.

ഒരുമാസം മുമ്ബാണ് റഫീഖാ ബീവിയും മകന്‍ ഷഫീഖും അല്‍ അമീനും വീട് വാടകയ്ക്ക് എടുത്തത്. ഒരാള്‍ മകനാണെന്നും മറ്റെയാള്‍ സഹോദരന്റെ പുത്രനാണെന്നും വീട്ടുടമയോട് പറഞ്ഞു. കോവളത്ത് ഹോട്ടല്‍ ജീവനക്കാരനായ മകന്‍ വീട്ടില്‍ സ്ഥിരമായി എത്തിയിരുന്നില്ല. റഫീഖ ബീവിയും അല്‍ അമീനും തമ്മില്‍ ഒരാഴ്ചമുമ്ബ് വഴക്കുണ്ടായതായി അയല്‍വാസികള്‍ പറഞ്ഞു. വാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു. തുടര്‍ന്ന് വീട് ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വീട് ഒഴിയുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, താക്കോല്‍ നല്‍കിയിരുന്നില്ല. വീട്ടുടമയുടെ മകന്‍ താക്കോല്‍ വാങ്ങാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →