മകളുമായുളള പ്രണയം അനീഷിന്റെ കൊലപാതകത്തിന് കാരണം, കത്തി വാട്ടര്‍ ടാങ്കില്‍: റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

-

തിരുവനന്തപുരം>>പേട്ടയില്‍ അനീഷ് ജോര്‍ജിനെ (19) കുത്തിക്കൊന്നത് മകളോടുള്ള പ്രണയത്തെ തുടര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൂത്തമകളും അനീഷും തമ്മിലുള്ള പ്രണയത്തോടുള്ള എതിര്‍പ്പും അതിലുള്ള പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആദ്യ മൊഴിയില്‍ കള്ളനെന്ന് തെറ്റിദ്ധരിച്ച് കുത്തിയതാണെന്നായിരുന്നു പ്രതി സൈമണ്‍ ലാലന്‍ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ പോലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിരുന്നില്ല. പ്രതിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തില്‍ തന്നെയാണ് കുത്തിയതെന്നാണ് പുറത്ത് വന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30ഓട് അടുപ്പിച്ച് അനീഷിനെ വീട്ടില്‍ കണ്ടപ്പോള്‍ കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോട് കൂടി പ്രതി അനീഷിനെ തടഞ്ഞു വെക്കുകയായിരുന്നു. ശേഷം നെഞ്ചിലും മുതുകിലും കുത്തി കൊലപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി വീടിന് സമീപത്തെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു വച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ രക്തം പുരണ്ട കത്തി പോലീസ് കണ്ടെടുക്കുകയും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →