മുളവാദ്യോപകരണങ്ങളുമായി ‘വയനാടന്‍ മലമുഴക്കി’;എറണാകുളത്ത് നടന്ന മുളമേള വൈവിധ്യങ്ങളാല്‍ ശ്രദ്ധേയമായി

കൊച്ചി>>മുളന്തണ്ടുകളില്‍ വൃശ്ചിക-ധനു മാസങ്ങളിലെ കുളിരിളംതെന്നല്‍ വന്നു തഴുകുമ്പോള്‍ ഒഴുകിപ്പരക്കുന്ന പ്രകൃതിയുടെ മൃദുല വിസ്മയസംഗീതം ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്.

മുളയോലകളുടെ മാസ്മരികമായ മൃദുമര്‍മ്മരം മലയാളകവിതകള്‍ക്ക് ബിംബങ്ങളാണ്; മലയാളികളുടെ കാതുകള്‍ക്ക് ഇമ്പവുമാണ്. ഭക്തിയില്‍, പ്രേമാനു
രാഗത്തില്‍ കണ്ണന്റെ കോലക്കുഴല്‍നാദമായി അതു മാറും.

ഓടക്കുഴലില്‍ ഊതിയുണര്‍ത്തുന്ന ശാന്തസുഭഗനാദമാണ് ആസ്വാദകരായ മലയാളികള്‍ക്ക് ഏറെ പരിചിതം. എന്നാല്‍ മുളയില്‍ നിന്നും വൈവിധ്യമാര്‍ന്ന സംഗീതോപ കരണങ്ങള്‍ നിര്‍മ്മിച്ച് കര്‍ണ്ണാനന്ദകരമായ സംഗീതമേള നടത്താന്‍ വയനാട്ടില്‍ നിന്നെത്തിയ കലാകാരന്മാരുടെ സംഘത്തെ പരിചയപ്പെടാം.

എറണാകുളത്ത് നടന്ന പതിനെട്ടാമത് ബാംബൂ ഫെസ്റ്റിന്റെ ഭാഗമാകാന്‍ എത്തിയ പന്ത്രണ്ടു പേരടങ്ങുന്ന ‘മലമുഴക്കി’ എന്ന വയനാടന്‍ സംഗീതബാന്‍ഡിലെ അംഗങ്ങള്‍
ഞായറാഴ്ച മുതല്‍ എറണാകുളത്തെ മറൈന്‍ ഡ്രൈവ് മൈതാനത്തുണ്ടായിരുന്നു.
ഇവരുടെ കൂട്ടത്തിലെ മനോജ് ദാമോദര്‍ നിര്‍മ്മിച്ചെടുത്ത മുളകൊണ്ടുള്ള സംഗീതോപകരണങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്.

ഇദ്ദേഹത്തിന്റെ ആറുമാസത്തെ ശ്രമകരമായ ഒരു തപസ്യയായിരുന്നു, മുളയില്‍ നിര്‍മ്മിച്ചെടുത്ത ഹാര്‍മ്മോണിയത്തിന്റെ പിറവി. ഹാര്‍മോണിയത്തില്‍ തുടങ്ങി ജാസ്സ് ഡ്രം വരെയുള്ള പന്ത്രണ്ടില്പരം മുളവാദ്യങ്ങളുടെ ശില്പിയാണ് മനോജ് ദാമോദര്‍. കോവിഡ് മൂലം മുടങ്ങിയ മേള, രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എറണാകുളത്ത്
നടന്നപ്പോള്‍ വാദ്യോപകരണങ്ങള്‍ കാണാന്‍ സംസ്ഥാന വ്യവസായവകുപ്പു മന്ത്രി
പി. രാജീവും ഇവരുടെ പവലിയനില്‍ എത്തിയിരുന്നു.

ബാംബൂ ഫെസ്റ്റിലെ ഈ വാദ്യോപകരങ്ങള്‍ എല്ലാം വില്പന ലക്ഷ്യമാക്കി നിര്‍മ്മിച്ചെടുത്തവയാണ്. അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന പരമ്പരാഗത കേരളീയകലകളുടെയും സംസ്‌കാരങ്ങളുടെയും പുനരുജ്ജീവനത്തിനായി രൂപീകരിച്ചിരിക്കുന്ന ‘ഭവം’ സൊസൈറ്റിയുടെ സെക്രട്ടറി എം. പി. സുജിത്താണ് ‘മലമുഴക്കി’ മുളവാദ്യസംഗീത ബാന്‍ഡിന്റെ അമരക്കാരന്‍.

മേളയുടെ ആദ്യദിനത്തിലെ ഇവരുടെ മുളവാദ്യസംഗീതം കാഴ്ചക്കാര്‍ക്ക് ഏറെ കൗതുകമായി. വളരെ വ്യത്യസ്തതയുള്ള കാഴ്ചകളാണ് ഇത്തവണ എറണാകുളത്ത് നടന്ന മുളമേളയില്‍ കാണാനായത്. മേളകാണാന്‍ കഴിഞ്ഞ രണ്ടുദിവസമായി നല്ല തിരക്കായിരുന്നു.

ഞായറാഴ്ച ആരംഭിച്ച മേള, കേരള സംസ്ഥാന ബാംബൂ മിഷനും കേരള ബ്യൂറോ ഓഫ്
ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷനും സംസ്ഥാന വാണിജ്യ വ്യവസായ ഡയറക്ടറേറ്റും നാഷണല്‍ ബാംബൂ മിഷനും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചതാണ്. മേളയില്‍ പതിനഞ്ചോളം യൂണിറ്റുകള്‍ പ്രദര്‍ശന, വില്പന ശാലകള്‍ ഒരുക്കിയിരുന്നു. മുന്നൂറോളം തൊഴിലാളികളുടെ അധ്വാനത്തില്‍ വിരിഞ്ഞ വൈവിധ്യമാര്‍ന്ന കരവിരുതുകള്‍ കാഴ്ചക്കാരെ ആകര്‍ഷിച്ചു. പ്രളയവും കൊവിഡും സമ്മാനിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന മുളവിപണി വലിയ പ്രതീക്ഷയോടെയാണ് മേളയിലേക്ക് എത്തിയത്.

കരകൗശല വസ്തുക്കള്‍, ബാഗുകള്‍, അലങ്കാര വിളക്കുകള്‍, ഫര്‍ണിച്ചറുകള്‍, കര്‍ട്ടന്‍, പൂക്കള്‍, മാല, കമ്മല്‍, വളകള്‍ എന്നുവേണ്ട അന്യംനിന്നുകൊണ്ടിരിക്കുന്ന പരമ്പരാഗതമായ കേരളീയ നിര്‍മ്മിതികള്‍ വരെ കാഴ്ചക്കാര്‍ക്കു മുമ്പില്‍ നിരത്തി. മുളയരികൊണ്ടുള്ള ബേക്കറി ഉത്പന്നങ്ങള്‍, പായസം, അച്ചാറുകള്‍, മുളങ്കൂമ്പ് കൊണ്ടുള്ള വിഭവങ്ങള്‍, പ്രോട്ടീന്‍ മിക്‌സുകള്‍ തുടങ്ങിയവയുടെ സ്റ്റാളുകളില്‍ നല്ല വില്പനയാണ് നടന്നത് എന്ന് സംഘാടകര്‍ പറഞ്ഞു.

എറണാകുളം മറൈന്‍ ഡ്രൈവില്‍ പതിനെട്ടാമത് ബാംബൂ ഫെസ്റ്റില്‍ വയനാട്ടില്‍ നിന്നുള്ള ‘മലമുഴക്കി’ മുളവാദ്യോപകരണ സംഗീത
സംഘത്തിലെ കലാകാരന്മാര്‍ ഒത്തുകൂടിയപ്പോള്‍.

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →