മുഹമ്മദിനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കൊലപ്പെടുത്തിയ കേസില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

കല്പറ്റ>> ആയിരംകൊല്ലി മണ്ണിന്‍തൊടിയില്‍ മുഹമ്മദിനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കൊലപ്പെടുത്തിയ കേസില്‍ ദുരൂഹതയില്ലെന്ന് പൊലീസ്.

കൊലനടത്തിയത് പെണ്‍കുട്ടികള്‍ തന്നെയാണെന്നും പുറത്തുനിന്നുള്ളവര്‍ക്ക് കൃത്യത്തില്‍ പങ്കൊന്നുമില്ലെന്നുമാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് വ്യക്തമാക്കുന്നത്. കൊലനടത്തിയ പെണ്‍മക്കളെ സഹായിച്ച അമ്മയെ ബത്തേരി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 15,16 വയസ്സുള്ള പെണ്‍കുട്ടികളെ എറണാകുളത്തെ ഷെല്‍റ്റര്‍ ഹോമിലാകും പാര്‍പ്പിക്കുക.

സംഭവത്തില്‍ മറ്റു ചിലര്‍ക്ക് പങ്കുണ്ടെന്നുള്ള ആരോപണവുമായി മുഹമ്മദിന്റെ രണ്ടാംഭാര്യ രംഗത്തെത്തിയെങ്കിലും തെളിവുകളൊന്നുമില്ലാത്തതിനാല്‍ ആ സാധ്യത തള്ളിക്കളയുകയാണു പൊലീസ്. തെളിവെടുപ്പ് സമയത്ത് പ്രതിയുടെ ഭര്‍ത്താവും മകനും വീട്ടിലെത്തിയിരുന്നു. ഇവരെ പൊലീസ് സംശയിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അതിവേഗം കുറ്റപത്രം നല്‍കും. തെളിവും തൊണ്ടി മുതലും കുറ്റസമ്മത മൊഴിയുമുള്ളതിനാല്‍ ഇനി ആരേയും കസ്റ്റഡിയില്‍ വാങ്ങുകയുമില്ല. അങ്ങനെ അന്വേഷണം എല്ലാ അര്‍ത്ഥത്തിലും അവസാനിപ്പിക്കുകയാണ് പൊലീസ്.

മാതാവിനെയും പെണ്‍കുട്ടികളെയും ഇന്നലെ രാവിലെ പത്തോടെ സംഭവം നടന്ന വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൃത്യം നടന്ന സ്ഥലം മൂവരും അന്വേഷണസംഘത്തിനു കാണിച്ചുകൊടുത്തു. കൊല ചെയ്യാന്‍ ഉപയോഗിച്ച കോടാലി, കത്തി എന്നിവയും എടുത്തുനല്‍കി. വീടിന്റെ ഉള്ളില്‍ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു ഇവ. വീടിന്റെ മുന്‍വശത്തേക്ക് കയറുന്ന ഭാഗത്തുവച്ചാണ് കോടാലി ഉപയോഗിച്ച് മുഹമ്മദിനെ അടിച്ചതെന്ന് അവര്‍ മൊഴി നല്‍കി.

ആദ്യം മാതാവിനെയും പിന്നാലെ കുട്ടികളെയുമാണ് തെളിവെടുപ്പിന് എത്തിച്ചത്. മൃതദേഹത്തില്‍നിന്നു മുഹമ്മദിന്റെ വലതുകാല്‍ മുറിച്ചെടുത്ത് കൊണ്ടുപോയി അമ്പലവയല്‍ ടൗണിന് പരിസരത്ത് കളയാന്‍ പെണ്‍കുട്ടികളിലൊരാള്‍ ഉപയോഗിച്ച സ്‌കൂള്‍ ബാഗും അവര്‍ തന്നെ പൊലീസിന് എടുത്തുകൊടുത്തു. കാല്‍ കൊണ്ടു പോയി കളഞ്ഞ അമ്ബലവയല്‍ ടൗണിലെ മാലിന്യ കേന്ദ്രത്തിനു സമീപത്തും പൊലീസ് തെളിവെടുപ്പ് നടത്തി. എല്ലാ തെളിവും കിട്ടുകയും ചെയ്തു.

മുഹമ്മദ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അമ്ബലവയല്‍ ടൗണിന്റെ പരിസരത്തെ ഒഴിഞ്ഞ സ്ഥലത്തുനിന്ന് കണ്ടെത്തുകയും ചെയ്തു. തെളിവുകളെല്ലാം ശേഖരിച്ചതിനാല്‍ ഇനി അമ്മയെയും കുട്ടികളെയും കസ്റ്റഡിയില്‍ ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊലീസ് അറിയിച്ചു. രാവിലെ 11 മണിയോടെ നടന്ന കൊലപാതകത്തിനുശേഷം ഉച്ചകഴിഞ്ഞ് അമ്മയും മക്കളും പൊലീസില്‍ കീഴടങ്ങിയ ശേഷമാണ് സമീപവാസികളും നാട്ടുകാരുമൊക്കെ വിവരമറിയുന്നത്. നിലമ്ബൂരില്‍ നിന്ന് കൂലിപ്പണിക്കായി വയനാട്ടിലെത്തിയ മുഹമ്മദ് ആയിരംകൊല്ലിയില്‍ താമസമാക്കുകയായിരുന്നു.

സ്ഥിരമായി ബഹളമുണ്ടാക്കുന്ന ആളായിരുന്നു മുഹമ്മദെന്ന് സമീപവാസികള്‍ പറയുന്നു. അതുകൊണ്ടുതന്നെ, ചൊവ്വാഴ്ചയുണ്ടായ ബഹളമൊന്നും സമീപവാസികള്‍ അത്ര കാര്യമാക്കിയില്ല. മാതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മക്കളും മുഹമ്മദും തമ്മില്‍ ഉന്തുംതള്ളുമുണ്ടായിരുന്നു. ഈ ബഹളവും പിന്നീടുണ്ടായ കൊലപാതകവും സമീപവാസികള്‍ അറിഞ്ഞതേയില്ല. ആയിരംകൊല്ലി സ്വദേശി മുഹമ്മദിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെയാണ് വീടിനുസമീപത്തുള്ള കുഴിയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളും അവരുടെ മാതാവും പൊലീസില്‍ കീഴടങ്ങി.

മുഹമ്മദ് മാതാവിനെ മര്‍ദിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ കോടാലികൊണ്ട് തലയ്ക്കടിയേറ്റാണ് ഇയാള്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തില്‍ കോടാലികൊണ്ടുള്ള മുറിവേറ്റ പാടുകളാണുള്ളത്. വലതുകാല്‍ മുട്ടിനുതാഴെ മുറിച്ചുമാറ്റിയനിലയിലായിരുന്നു. തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റിട്ടുണ്ട്. സംഭവത്തിനുശേഷം കുട്ടികളില്‍ ഒരാളാണ് സ്റ്റേഷനിലെത്തി വിവരമറിയിച്ചത്. തുടര്‍ന്ന് കല്പറ്റ ഡിവൈ.എസ്പി. എം.ഡി. സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധനനടത്തി.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മുഹമ്മദിന്റെ വീട്ടില്‍ നടന്ന വഴക്കാണ് കൊലപാതകത്തിലേക്കെത്തിയത്. മാതാവിനെ മര്‍ദിക്കുന്നതുകണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ മുഹമ്മദ് മരിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ആയിരംകൊല്ലിയില്‍ മുഹമ്മദിന്റെ വീട്ടിലേക്കുള്ള ഒറ്റയടിപ്പാതയോടു ചേര്‍ന്നുള്ള കുഴിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം പൊതിഞ്ഞ ചാക്ക് രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു.

മര്‍ദനമേറ്റ് മുഹമ്മദ് മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാനുള്ള ശ്രമം നടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ ഭാഗമായാണ് കാല്‍ മുറിച്ചുമാറ്റിയത്. എന്നാല്‍ കാല്‍ മുറിച്ചുമാറ്റിയതോടെ അസ്വസ്ഥരായ മാതാവും പെണ്‍മക്കളും പൊലീസില്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മുറിച്ചുമാറ്റിയ കാല്‍ഭാഗം മൂന്നുകിലോമീറ്റര്‍ അകലെ അമ്ബലവയല്‍ ടൗണ്‍ പരിസരത്തുനിന്നാണ് കിട്ടിയത്. കോടാലികൊണ്ടാണ് മുഹമ്മദിന് മര്‍ദനമേറ്റത്. തലയ്ക്കും ശരീരത്തിലൊട്ടാകെയും പരിക്കുകളുണ്ട്. പരിക്കുകളുടെ സ്വഭാവവും മരണകാരണവും പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

ഒറ്റപ്പെട്ടു താമസിക്കുന്ന കുടുംബത്തില്‍നിന്ന് വീട്ടുവഴക്കും ബഹളവും പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. കൊല്ലപ്പെട്ട മുഹമ്മദ് അയല്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. നിലമ്ബൂരില്‍നിന്ന് കൂലിപ്പണിയുമായി എത്തിയതാണ് മുഹമ്മദ്. കഴിഞ്ഞ 15 വര്‍ഷമായി പ്രദേശത്തുണ്ട്. രണ്ടുഭാര്യമാരുണ്ട്. സംഭവം നടക്കുമ്പോള്‍ ഭാര്യമാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഈ വീട്ടില്‍തന്നെ താമസിക്കുന്ന ബന്ധുവായ സ്ത്രീയുടെ ഭര്‍ത്താവും മകനുമായി മുഹമ്മദ് നല്ല ബന്ധത്തിലായിരുന്നില്ല.ഇവര്‍ ഇവിടേക്ക് വരാതായതോടെയാണ് പെണ്‍കുട്ടികളുടെയും മാതാവിന്റെയും സംരക്ഷണം മുഹമ്മദ് ഏറ്റെടുത്തത്. കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവരുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →