മുടക്കുഴ ഗ്രാമപഞ്ചായത്ത് മലേറിയ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

-

മുടക്കുഴ>>സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിന്റ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മലേറിയ എലിമിനേഷന്‍ പരിപാടി മുടക്കുഴ ഗ്രാമ പഞ്ചായത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കി.പഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളും മലേറിയ മുക്ത പ്രഖ്യാപനം നടത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി.തുടര്‍ന്ന് പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തി മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രദേശം മലേറിയ മുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു തദ്ദേശീയ മലേറിയ കേസ് പോലും ഉണ്ടായിട്ടില്ല,മാത്രമല്ല കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഒരു മലേറിയ മരണം പോലും പഞ്ചായത്ത് പ്രദേശത്ത് ഉണ്ടായിട്ടുമില്ല.പഞ്ചായത്ത് മേഖലയിലെ പനി നിരീക്ഷണ പരിശോധന കഴിഞ്ഞ അഞ്ച് വര്‍ഷവും പത്തു ശതമാനം അടുത്താണ്.ഒപ്പം ഇതര ദേശ തൊഴിലാളികളുടെ പനി വിവരശേഖരണവും സമയബന്ധിതമായി പൂര്‍ത്തിയാക്കിയാണ് മുടക്കുഴ ഗ്രാമ പഞ്ചായത്ത് ഈ അസുലഭ നേട്ടം സ്വന്തമാക്കിയത്.മലേറിയ എലിമിനേഷന്‍ പ്രഖ്യാപനം മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോസ് അധ്യക്ഷത വഹിച്ചു. ഡോളി മത്തായിക്കുടി സ്വാഗതം ആശംസിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രാജിക കുട്ടപ്പന്‍ മലേറിയ എലിമിനേഷന്‍ പദ്ധതിയെക്കുറിച്ചും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിജി പി തോമസ് പഞ്ചായത്ത് തലത്തിലും വാര്‍ഡ്തലത്തിലും നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസ് എ പോള്‍,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സ ,പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു ഉണ്ണി, രജിത ജെയ് മോന്‍, അനാമിക ശിവന്‍, സോമി ബിജു, സുനിത് , ആരോഗ്യ പ്രവര്‍ത്തകരും ആശ പ്രവത്തകരും പങ്കെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സലീം പരിപാടിക്ക് നന്ദി അര്‍പ്പിച്ചു..

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →