അമ്മയെ മര്‍ദിച്ച യുവാവിനെ തടയാനെത്തിയ ബന്ധുവിനെ ചവിട്ടിക്കൊന്നു

ന്യൂസ് ഡെസ്ക്ക് -

തിരുവനന്തപുരം; അമ്മയെ മര്‍ദ്ദിക്കുന്നത് തടാനെത്തിയ വലിയച്ഛനെ അടിച്ചുകൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ബാലരാമപുരം കോഴോട് ചിറയില്‍ ദീപാരാധനയില്‍ രാമചന്ദ്രന്‍ (62) ആണ് അടിയും ചവിട്ടുമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. രാമചന്ദ്രനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സന്ദീപ് (30) എന്നയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സന്ദീപില്‍ നിന്ന് മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ അമ്മ സുധയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്.

ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവമുണ്ടാകുന്നത്. ഭാര്യയുടെ അനുജത്തിയായ സുധയെ അവരുടെ മകന്‍ സന്ദീപ് മര്‍ദ്ദിക്കുന്നത് കണ്ടാണ് രാമചന്ദ്രന്‍ അവിടേക്ക് എത്തിയത്.

അമ്മയെ മര്‍ദ്ദിക്കുന്നതില്‍നിന്ന് യുവാവിനെ പിടിച്ചു മാറ്റിയ രാമചന്ദ്രന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെ എത്തി സന്ദീപ് ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് രാമചന്ദ്രനെ സന്ദീപ് ക്രൂരമായി മര്‍ദ്ദിച്ചു. ചെവിയിലും മുഖത്തും വയറിലും നിരവധി തവണ ചവിട്ടുകയും ചെയ്തു.


സന്ദീപിന്റെ മര്‍ദ്ദനത്തില്‍ തീര്‍ത്തും അവശനായി അബോധാവസ്ഥയിലായ രാമചന്ദ്രനെ പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്ബ് തന്നെ രാമചന്ദ്രന്റെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

അവിവാഹിതനായ സന്ദീപിന് മാനസികപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സന്ദീപിനെ റിമാന്‍ഡ് ചെയ്തു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →