LOADING

Type to search

‘യേശുവിനെ വഞ്ചിച്ച വെള്ളിക്കാശ്, കേരളം സൃഷ്ടിച്ച പരശുരാമന്റെ മഴു, ബ്രണ്ണനിലെ ഊരിപ്പിടിച്ച വാള്‍’; മോന്‍സണിന്റെ ‘പുരാവസ്തു’ ശേഖരത്തില്‍ ട്രോള്‍മഴ

Latest News Local News News

കൊച്ചി>>>പുരാവസ്തുവിന്റെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പുനടത്തിയ മോന്‍സണ്‍ മാവുങ്കലിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ച. ടിപ്പു സുല്‍ത്താന്റെ സിംഹാസനവും യേശുവിനെ വഞ്ചിച്ച വെള്ളിക്കാശുമടക്കം പുരാവസ്തുക്കളായി തന്റെ കൈവശം ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോന്‍സണ്‍ വന്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് വാര്‍ത്ത പുറത്തായതിന് പിന്നാലെ മോന്‍സണിന്റെ ശേഖരത്തിലെ പുരാവസ്തുക്കളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹമാണ്.

ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി അടക്കം തന്റെ പക്കലുണ്ടെന്ന് മോന്‍സന്‍ അവകാശപ്പെട്ടിരുന്നു. യേശുവിനെ സൃഷ്ടിച്ച വെള്ളിക്കാശ് മാത്രമല്ല, കേരളം സൃഷ്ടിച്ച പരശുരാമന്റെ മഴുവും മോന്‍സണിന്റെ പക്കലുണ്ടെന്നാണ് ട്രോളുകള്‍. ബിജെപി നേതാവ് സന്ദീപ് നായര്‍ ഫേസ്ബുക്കില്‍ ട്രോളിയത് ‘ബ്രണ്ണന്‍ യുഗത്തില്‍ ഊരിപ്പിടിച്ച വാളും ഉയര്‍ത്തിപ്പിടിച്ച കത്തിയും മിതമായ നിരക്കില്‍ ലഭ്യമാണ്’ എന്നാണ്. മായാവിയുടെ വടിയും ലുട്ടാപ്പിയുടെ കുന്തവും അലാവുദ്ദീന്റെ അത്ഭുത വിളക്കും മോണ്‍സണിന്റെ ശേഖരത്തിലുണ്ടെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

കൊച്ചി കലൂരിലുള്ള വീടുതന്നെ മ്യൂസിയമാക്കി മാറ്റി അവിടെയായിരുന്നു മോന്‍സണ്‍ വ്യാജ പുരാവസ്തുക്കള്‍ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നത്. വളരെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഇയാള്‍ സന്ദര്‍ശകര്‍ക്കുവേണ്ടി ഇവിടെ ഒരുക്കിയിരുന്നത്. ലോകത്തിലെ അത്യപൂര്‍വ്വങ്ങളായ പുരാവസ്തുക്കള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന മോന്‍സണ്‍ അത് കാണാന്‍ വരുന്നവരുടെ മൊബൈല്‍ ഫോണുകള്‍ ആദ്യം തന്നെ സ്വീകരണ മുറിയിലെ ഒരു ലോക്കറില്‍ വെച്ച് പൂട്ടും. അകത്തു ചെന്നാല്‍ ഈ വസ്തുക്കള്‍ക്കൊക്കെ കാവലായി തലങ്ങും വിലങ്ങും സുരക്ഷാ കാമറകള്‍ ഉണ്ട്. നിരവധി സെക്യൂരിറ്റി സ്റ്റാഫും മോന്‍സനുണ്ടായിരുന്നു. യേശു ക്രിസ്തുവിന്റെ രക്തം പുരണ്ടത് എന്നുപോലും അവകാശപ്പെട്ടുകൊണ്ട്, ഒരു കഷ്ണം തുണിയും ഈ വീട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു മോന്‍സണ്‍.

ടിപ്പു സുല്‍ത്താന്റെ സിംഹാസനം അടക്കം പുരാവസ്തുക്കളായി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു വില്‍പ്പന. എന്നാല്‍ ചേര്‍ത്തലയിലെ ഒരു ആശാരിയാണ് ഇവ നിര്‍മിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി അടക്കം തന്റെ പക്കലുണ്ടെന്ന് മോന്‍സണ്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ഒറിജിനലല്ല, അതിന്റെ പകര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ് മോന്‍സണ്‍ പൊലീസിനോട് അവകാശപ്പെടുന്നത്. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈറ്റിലെയും ദുബൈയിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും അയച്ചു തന്ന പണമാണ് തന്റെ പക്കലുള്ളതെന്ന് വ്യാജരേഖ കിട്ടിയാണ് പലരില്‍ നിന്നായി കോടികള്‍ തട്ടിയത്.

‘യേശുവിനെ ഒറ്റുകൊടുക്കാന്‍ വേണ്ടി യൂദാസ് സ്വീകരിച്ച മുപ്പതു വെള്ളിക്കാശിലെ രണ്ടെണ്ണം നമ്മുടെ കേരളത്തിലുണ്ട്’ എന്നതായിരുന്നു മോന്‍സണ്‍ മാവുങ്കലിന്റെ പ്രധാന അവകാശവാദം. ഒരു പെട്ടിക്കുള്ളില്‍ ആമാടപ്പെട്ടിയുടെ രൂപത്തിലുള്ള മറ്റൊരു കുഞ്ഞുപെട്ടിക്കുള്ളിലായി സൂക്ഷിച്ച ഈ രണ്ടു നാണയങ്ങള്‍ ഭക്ത്യാദര പൂര്‍വം മോന്‍സണിന്റെ അനുയായികളില്‍ ഒരാള്‍ പുറത്തെടുത്ത് കാണിക്കുമ്‌ബോള്‍ പലരും അത് വിശ്വസിച്ചു പോകും. മോന്‍സണിന്റെ വീട്ടില്‍ കാമറ ടീമിനെയും കൊണ്ട് ചെന്ന്, ഈ നാണയം ഇങ്ങനെ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ഭക്തിസാന്ദ്രമായ പശ്ചാത്തല സംഗീതത്തോടെ കാണിച്ചിട്ടുള്ളവരില്‍ പ്രസിദ്ധ യൂട്യൂബര്‍മാരായ ഒരു അമ്മയും മകനും വരെയുണ്ട്. ‘കയ്യില്‍ ഈ നാണയങ്ങള്‍ തൊടാന്‍ പറ്റിയത് തന്നെ വലിയ ഭാഗ്യം’ എന്നാണ് അന്ന് അവര്‍ വിഡിയോയില്‍ പറഞ്ഞത്.

ചേര്‍ത്തല മാവുങ്കല്‍ മോന്‍സണ്‍ അറിയപ്പെട്ടിരുന്നത് ഡോ. മോന്‍സണ്‍ മാവുങ്കല്‍ എന്ന പേരിലായിരുന്നു. എങ്ങനെയാണ് ഇയാള്‍ ‘ഡോക്ടര്‍’ ആയതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. ആളുകളെ പറഞ്ഞുവീഴ്ത്താനുള്ള വാക്ചാതുരിയായിരുന്നു കൈമുതല്‍. കലൂരില്‍ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാല്‍ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല.

പ്രവാസി മലയാളി ഫൗണ്ടേഷന്‍ രക്ഷാധികാരി, വേള്‍ഡ് പീസ് കൗണ്‍സില്‍ മെംബര്‍, ഹ്യൂമണ്‍ റ്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ തുടങ്ങിയവയുടെ ഭാരവാഹിയാണ് എന്നു കാണിച്ചുള്ള ബോര്‍ഡുകള്‍ മോന്‍സന്റെ വീടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കോടികള്‍ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരംതന്നെ ഇയാളുടെ വീട്ടിലുണ്ട്. കേടായ ഈ വാഹനങ്ങള്‍ ചെറിയ തുകയ്ക്ക് വാങ്ങി അതൊക്കെ വീട്ടില്‍ കൊണ്ടുവന്നിട്ട് സന്ദര്‍ശകരെ കബളിപ്പിക്കുകയായിരുന്നു ലക്ഷ്യം.

പുറത്തേക്ക് പോകുമ്‌ബോള്‍ തോക്കുപിടിച്ച് അംഗരക്ഷകരെന്നപോലെ അഞ്ചെട്ടുപേര്‍ കൂടെ ഉണ്ടാകും. കളിത്തോക്ക് പിടിച്ചാണ് അവര്‍ ഉണ്ടാകാറുള്ളത് എന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. എന്തെങ്കിലും ചടങ്ങുകളില്‍ പോകുമ്‌ബോള്‍ ആറ് ആഡംബര കാറുകളുടെ അകമ്ബടിയോടെയാകും എത്തുക. പരിപാടികളില്‍ ചിലപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത സംഭാവനകള്‍ നല്‍കി ഞെട്ടിക്കും. അടുത്ത ഇരയെ ചൂണ്ടയിടുന്നതിന്റെ ഭാഗമായിരിക്കും ഇത്തരം സംഭാവനകള്‍.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.