LOADING

Type to search

സാമ്പത്തിക തട്ടിപ്പ് കേസ്; യൂ ട്യൂബര്‍ മോന്‍സണ്‍ മാവുങ്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Latest News Local News News

കൊച്ചി>>>സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ യൂ ട്യൂബര്‍ മോന്‍സണ്‍ മാവുങ്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കൂടുതല്‍ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. യു.എ.ഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയില്‍ രണ്ട് ലക്ഷത്തി 62,000 കോടി രൂപ വിദേശത്തു നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ ചില നിയമതടസങ്ങളുളളതിനാല്‍ കോടതി വ്യവഹാരത്തിനായി സഹായിക്കണമെന്നും പറഞ്ഞാണ് പലരില്‍ നിന്നായി ഇയാള്‍ 10 കോടി രൂപ തട്ടിയെടുത്തത്. കൂടുതല്‍ പേരില്‍ നിന്ന് ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ട് എന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇന്നും നാളെയുമായി കൂടുതല്‍ പേര്‍ പരാതി നല്‍കാനാണ് സാധ്യത. ഇയാളുടെ കലൂരിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ക്രൈംബ്രാഞ്ച് സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. മോന്‍സണെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കും.

പുരാവസ്തുക്കള്‍ എന്ന പേരില്‍ ഇയാള്‍ വില്‍പന നടത്തിയ പലതും വ്യാജമായി നിര്‍മ്മിച്ചതാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം പൊലീസിലെ അടക്കം പല ഉന്നതരുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഇവര്‍ക്ക് നേരിട്ട് പങ്കില്ല എന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.