കൊച്ചി>>>പുരാവസ്തു തട്ടിപ്പുകാരനായ മോണ്സണ് മാവുങ്കലിന്റെ മ്യൂസിയത്തില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയും, മനോജ് എബ്രഹാമും സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇരുവര്‍ക്കും എതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്രയും സൂത്രശാലിയായ ഒരുതട്ടിപ്പുകാരനെ എന്‍ഐഎയില്‍ വരെ ജോലി നോക്കിയിട്ടുള്ള ബെഹ്റയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലേ എന്ന മട്ടിലായിരുന്നു പരിഹാസം. എന്നാല്‍, മോണ്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബെഹ്റ എന്‍ഫോഴ്സ്മെന്റിന് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്.
മോണ്സന് തട്ടിപ്പുകാരനാണെന്ന് 2020ല്‍ തന്നെ കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ട്.. ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം മോന്‍സണിന്റെ വീട്ടിലെത്തിയതിനെത്തുടര്‍ന്ന് രഹസ്യന്വേഷണ വിഭാഗം ഡിജിപിക്കു റിപ്പോര്‍ട്ട് സമര്‍പിച്ചിരുന്നു. മോന്‍സണിന്റെ ദുരൂഹ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു റിപ്പോര്‍ട്ടില്‍.
എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വിവാഹം 2019 മേയില്‍ കൊച്ചിയില്‍ നടന്നപ്പോഴാണ് ബെഹ്റയും മനോജ് എബ്രഹാമും മോണ്‍സനെ പരിചയപ്പെടുന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത മറ്റൊരാള്‍ ക്ഷണിച്ചാണ് മോണ്‍സന്റെ മ്യൂസിയത്തിലേക്ക് എത്തിയത്. ഇതേ തുടര്‍ന്നാണ് വാള്, അംശവടി ഫോട്ടോ എടുത്തത്. എന്നാല്‍, മോന്സണ് തന്റെ സ്വാധീനം കാട്ടാന്‍ വേണ്ടി പല ഗ്രൂപ്പുകളില്‍ ഫോട്ടോകള്‍ പ്രചരിപ്പിച്ചതോടെ സംശമായി. എഡിജിപി മനോജ് എബ്രാഹമാണ് ഡിജിപിയോട് സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഇന്റലിജന്‍സ് അന്വേഷണത്തിന് ഡിജിപി ശുപാര്‍ശ ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2020 ഫെബ്രുവരിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്ക് ലോക്നാഥ് ബെഹ്റ കത്തയച്ചത്. പ്രത്യേകിച്ചൊരു വരുമാന സ്രോതസും ഇല്ലാതെയാണ് മോന്സണ് കോടികളുടെ ആസ്തി സമ്ബാദിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമാണുള്ളത്. ആഡംബര കാറുകളും ഭൂസ്വത്തുക്കളും പുരാവസ്തുശേഖരവും ഇയാളുടെ കൈവശമുണ്ട്. പുരാവസ്തുക്കളില്‍ ചിലതെല്ലാം മോഷ്ടിച്ചതാണെന്ന് സംശയമുണ്ടെന്നും തിരുവിതാകൂര്‍ രാജവംശത്തിന്റേതെന്ന് അവകാശപ്പെടുന്ന രാജകീയ സിംഹാസനം അടക്കം പലതും വ്യാജമാണെന്നും അവയുടെ ഉറവിടം അന്വേഷിക്കണമെന്നും ശുപാര്‍ശയുണ്ട്.
വീടുകളും സ്വത്തുക്കളുമെല്ലാം സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ മുഴുവന്‍ സമയ കാവലിലാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ സജ്ഞയ് കുമാര്‍ മിശ്രക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ: ‘പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് മോന്‍സണുള്ളത്. ചേര്‍ത്തലയിലെ ആഡംബര വസതിയിലാണ് താമാസം. മക്കള്‍ ചെന്നൈയില്‍ എംബിബിഎസിനു പഠിക്കുന്നു. ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത വെളിവാക്കുന്ന സര്‍ട്ടിഫിക്കറ്റുകളൊന്നും ലഭ്യമല്ല. പണക്കാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുണ്ട്. ബെന്‍സ്, ഫെരാരി, ബെന്റ്ലി, ബിഎംഡബ്ലു തുടങ്ങിയ 15 ആഡംബര കാറുകളും ലക്ഷങ്ങള്‍ വിലമതിക്കുന്ന നായകളുമുണ്ട്. ഇടപാടുകള്‍ ദുരൂഹമാണ്’.എന്നാല്‍ പരാതി ഇല്ലാത്തതിനാല്‍ അന്വേഷിക്കേണ്ടതില്ലെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. ഇതാണ് മോണ്സന് അനുഗ്രഹമായി മാറിയതും.
അതേസമയം, മോന്സന് മാവുങ്കലിനോട് അടുപ്പമുണ്ടെന്ന ആക്ഷേപം നേരിട്ട ഐജി ലക്ഷ്മണിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. എഡിജിപി മനോജ് എബ്രഹാമാണ് ഐജി ലക്ഷ്മണിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അധികാര പരിധിയില്‍പെടാത്ത വിഷയത്തില്‍ ഇടപെട്ടെന്ന ആരോപണത്തിലാണ് എഡിജിപി വിശദീകരണം തേടിയത്. കേസില്‍ ഇടപെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് രണ്ട് ദിവസത്തിനകം മറുപടി നല്‍കണം എന്നാണ് നിര്‍ദ്ദേശം.
മോന്സന് മാവുങ്കലിനെതിരെ ഉയര്‍ന്ന് സുപ്രധാനമായ ഒരു ആരോപണത്തിലെ അന്വേഷണം തടഞ്ഞു എന്നായിരുന്നു ആക്ഷേപം. മോന്സന് മാവുങ്കലിനെതിരെ ആറ് കോടിയുടെ തട്ടിപ്പ് ആരോപണം ഉയര്‍ത്തി ബിസിനസ് ഗ്രൂപ്പ് നല്കിയ പരാതിയിലെ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിക്കായി ഐജി ലക്ഷ്മണ മെയില്‍ അയ്ച്ചു എന്ന ആക്ഷേപത്തിലാണ് വിശദീകരണം തേടിയത്.
ഐജി ലക്ഷ്മണിന്റെ ഇടപെടലിന് പിന്നാലെ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ചേര്‍ത്തല സിഐയ്ക്ക് അന്വേഷണ ചുമതല നല്കി ഉത്തരവിറക്കി. അന്വേഷണം മോന്സന് മാവുങ്കല്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനാണ് നല്‍കിയത് എന്നും ആക്ഷേപമുണ്ട്. എന്നാല്‍ പണം നഷ്ടമായവരുടെ എതിര്‍പ്പും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പരിഗണിക്കപ്പെട്ടതോടെ സിഐക്ക് നല്കിയ അന്വേഷണം തടയപ്പെടുകയും ചെയ്തിരുന്നു. ഈ ഇടപെടലിന് പിന്നാലെയാണ് പരാതിക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചതും വിഷയം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ എത്തിയതും.
Follow us on