കൊച്ചി>>> പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ വെട്ടിച്ച മോണ്സണ് മാവുങ്കലിന്റെ ആഡംബര കാറില്‍ നോട്ടെണ്ണല്‍ യന്ത്രവും ലാപ്ടോപ്പും കമ്ബ്യൂട്ടറും സ്ഥിരമായി ഘടിപ്പിച്ച നിലയിലാണുള്ളത്. ഒരു മിനി ഓഫീസായിട്ടാണ് കാര്‍ മാറ്റിയെടുത്തിരുന്നതെന്നും ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
വിദേശ എംബസിയുടെ വാഹനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ചിഹ്നങ്ങളും വാഹനത്തിലുണ്ടായിരുന്നു. മോണ്സണ് ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ ആയ ഡോഡ്ജിലാണ് ഈ സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട് ഇയാള്‍ക്ക്. വാഹന വ്യൂഹമായിട്ടാണ് യാത്ര ചെയ്യാറുള്ളത്. മുന്നിലും പിന്നിലും പോകുന്ന വാഹനങ്ങളിലേക്ക് നിര്‍ദേശങ്ങള്‍ കൈമാറാന്‍ വാക്കി ടോക്കിയടക്കമുള്ള സംവിധാനങ്ങളുമുണ്ട്.
കേരള പോലീസിന്റെ സുരക്ഷ സജ്ജീകരണങ്ങളും മോണ്സണ് ലഭിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. മോണ്‍സണിന്റെ വീട്ടില്‍ പൊലീസിന്റെ ബീറ്റ് ബോക്സുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് ഇത് വച്ചത്. ഇയാളുടെ കൊച്ചിയിലേയും ചേര്‍ത്തലയിലേയും വീട്ടില്‍ ബീറ്റ് ബോക്സ് പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. വീടിന്റെ ഗേറ്റിലാണ് ബീറ്റ് ബോക്സ് പോയിന്റ് സ്ഥാപിച്ചിട്ടുള്ളത്.
പൊലീസ് സ്ഥിരമായി വീട്ടിലെത്തി സുരക്ഷ വിലയിരുത്തി രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനാണ് ബീറ്റ് ബോക്സ് സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ ഒരു തട്ടിപ്പുകാരന്റെ വീടിന് മുന്നില്‍ ബീറ്റ് ബോക്സ് ഇപ്പോഴും തുടരുന്നത് കേരള പോലീസിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഇന്നും പോലീസ് ഈ ബീറ്റ്ബോക്സില്‍ സമയം രേഖപ്പെടുത്തി ഒപ്പുവെച്ചിട്ടുണ്ട്. ഇതിനിടെ ബീറ്റ് ബോക്സ് വെക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങളും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.
Follow us on