LOADING

Type to search

മോന്‍സണ്‍ മാവുങ്കലിന്റെ അംഗരക്ഷകരുടെ നിറതോക്കിന്റെ രഹസ്യം ഒടുവില്‍ വ്യക്തമായി, ഒപ്പം കാറുകളുടെയും

Latest News Local News News

കൊച്ചി>>>തട്ടിപ്പിന്റെ രാജകുമാരന്‍ മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റുചെയ്യാന്‍ അയാളുടെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടിലെ സൗകര്യങ്ങളും ആഡംബരങ്ങളും കണ്ട് ഒരു വേള അമ്ബരന്നു. അത്യാധുനിക ആഡംബര കാറായ പോര്‍ഷെ മുതല്‍ 30-ഓളം കാറുകള്‍.

വിലകൂടിയ മുന്തിയ ഇനം നായ്ക്കള്‍, കാവലിന് നിറതോക്കും പിടിച്ച് കറുത്ത വസ്ത്രം ധരിച്ച അംഗരക്ഷകര്‍… വലയിലകപ്പെട്ട പ്രതി കൈയിലുള്ള കോടികളുടെ വലിപ്പംകൊണ്ട് വലമുറിച്ച് കടക്കുമോ എന്നായിരുന്നു അവരുടെ പേടി. എന്നാല്‍ ചോദ്യം ചെയ്തതോടെ എല്ലാകാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി.

ആഡംബര വാഹനങ്ങളൊന്നും പ്രവര്‍ത്തിക്കുന്നതായിരുന്നില്ല. കേടായ ഈ വാഹനങ്ങള്‍ കുറഞ്ഞ തുകയ്ക്ക് വാങ്ങി കുളിപ്പിച്ച് കുട്ടപ്പനാക്കി താന്‍ വലിയ കക്ഷിയാണെന്ന് ആള്‍ക്കാരെ ബോദ്ധ്യപ്പെടുത്താന്‍ വീടിനുമുന്നില്‍ കൊണ്ടിട്ടതാണ്.

വീട്ടുകാവലിന് നിയോഗിച്ചിരുന്ന മുന്തിയ ഇനം നായ്ക്കളായിരുന്നില്ല. മോന്‍സന്റെ അംഗരക്ഷകരായിരുന്നു ഏറ്റവും വലിയ തമാശ. ഇവരുടെ കൈയിലുണ്ടായിരുന്നത് വെറും കളിത്തോക്കുകള്‍ മാത്രമായിരുന്നു. ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് പിടികൂടുമ്‌ബോള്‍ ഇവര്‍ മതില്‍ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു..

നിരവധി പ്രമുഖരുമായി ബന്ധമുണ്ടെന്നാണ് മോന്‍സണ്‍ പറയുന്നത്. മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയടക്കം തന്റെ വീട്ടില്‍ വന്ന് പുരാവസ്തുക്കള്‍ കണ്ടുവെന്ന് അവകാശപ്പെട്ട് വീഡിയോയും ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇതിന്റെ സത്യം കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍.

കാഴ്ചയില്‍ കൗതുകം തോന്നുന്ന എന്തും മോന്‍സണ്‍ കച്ചവടമാക്കും. അതിന് മേമ്‌ബൊടിയായി ചേര്‍ക്കുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതെന്ന ഡയലോഗും. യേശുവിനെ ഒറ്റിയതിന് യൂദാസിന് കിട്ടിയ 30 വെള്ളിക്കാശില്‍ ഒരെണ്ണം തന്റെ കൈയിലുണ്ടെന്നുവരെ ഇയാള്‍ അവകാശപ്പെട്ടു. വ്യാജ പുരാവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ സ്വന്തം ടീമും സംവിധാനങ്ങളുമുണ്ട്.

പത്ത് വര്‍ഷം മോന്‍സണൊപ്പം ജോലി ചെയ്ത അജിയാണ് തട്ടിപ്പുകളെല്ലാം പരാതിക്കാരോട് വെളിപ്പെടുത്തിയത്.അമൂല്യപുരാവസ്തുക്കളില്‍ ഭൂരിഭാഗവും എറണാകുളത്തു നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങിയതാണ്.തട്ടിപ്പിന് ഇരയായവര്‍ പണത്തിന് സമീപിക്കുമ്പോള്‍ വീട്ടില്‍ വിളിച്ചുവരുത്തി പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും സ്വാധീനവും ഉപയോഗിച്ചാണ് രക്ഷപ്പെട്ടിരുന്നത്.

സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍, അസി.പൊലീസ് കമ്മിഷണര്‍ തുടങ്ങി നിരവധിപ്പേര്‍ ഇയാളുടെ വീട്ടിലെ നിത്യ സന്ദര്‍ശകരാണെന്ന് പരാതിയിലുണ്ട്. പത്ത് വര്‍ഷം മോന്‍സണൊപ്പം ജോലി ചെയ്ത അജിയാണ് തട്ടിപ്പുകളെല്ലാം പരാതിക്കാരോട് വെളിപ്പെടുത്തിയത്.

ആഡംബരപൂര്‍വം നടത്തിയ മകളുടെ വിവാഹ നിശ്ചയ ദിവസം തന്നെയാണ് പത്ത് കോടി തട്ടിയ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. അതും ഒരു ദിവസം മുഴുവന്‍ നീണ്ട നീരീക്ഷണത്തിനുശേഷം. ചേര്‍ത്തല വല്ലയില്‍ ഭാഗത്തെ വീട്ടില്‍ ശനിയാഴ്ച രാവിലെയായിരുന്നു മകളുടെ വിവാഹ നിശ്ചയ ചടങ്ങ്. ആഡംബരക്കാറില്‍ പതിനഞ്ചോളം അംഗരക്ഷകരുടെ സുരക്ഷയിലാണ് മോന്‍സണ്‍ വീട്ടിലെത്തിയത്.

ലക്ഷങ്ങള്‍ പൊടിച്ചുനടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ ഉന്നതര്‍ ഉള്‍പ്പെടെ ഒട്ടേറെപേര്‍ എത്തിയിരുന്നു. കൂട്ടത്തില്‍ ഒരു ഐ.ജിയും ഉണ്ടായിരുന്നതായാണ് വിവരം. നാട്ടുകാരുമായി അധികം ബന്ധമില്ലാത്തതിനാല്‍ അയല്‍വാസികളെ പോലും വിവാഹ നിശ്ചയത്തിന് ക്ഷണിച്ചിരുന്നില്ല.

വിവാഹ നിശ്ചയം നടക്കുന്ന വേളയിലടക്കം വീടും പരിസരവും ക്രൈംബ്രാഞ്ച് സംഘത്തിന്റെ രഹസ്യ നീരീക്ഷണത്തിലായിരുന്നു. സന്ദര്‍ശകര്‍ എല്ലാവരും പോയിക്കഴിഞ്ഞ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം രാത്രിയോടെ സ്വകാര്യ ഇന്നോവ കാറില്‍ വീട്ടുവളപ്പിലേക്ക് കടന്നത്. പത്തുമണിയോടെ അറസ്റ്റ് ചെയ്തു.

അടിമുടി ദുരൂഹമായിരുന്നു മോന്‍സന്റെ ജീവിതം. കഞ്ഞിക്കുഴി സ്വദേശിയായ ഇയാള്‍ സാധാരണ കുടുംബത്തിലാണ് ജനിച്ചത്. വിവാഹശേഷം സ്ഥലംവിട്ടു. വര്‍ഷങ്ങള്‍ക്കുശേഷം പ്രത്യക്ഷപ്പെട്ടത് കോടീശ്വരനായാണ്.

ചേര്‍ത്തല സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നിന്നാണ് ഡിപ്ലോമ നേടിയത്. നഗരത്തിന് തെക്കുള്ള എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപികയായ കന്യാസ്ത്രിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഇതിനിടെ ആയു്വവേദ ഡോക്ടര്‍ എന്ന മേല്‍വിലാസം സമ്ബാദിച്ചു.

ചേര്‍ത്തല വടക്കേ അങ്ങാടി കവലയ്ക്ക് സമീപം ഏതാനും വര്‍ഷം താമസിച്ചു. അപ്പോഴൊക്കെ ആഡംബര വാഹനങ്ങളില്‍ വന്നുപോകുന്നത് പതിവായിരുന്നു. ഒറ്റനോട്ടത്തില്‍ മ്യൂസിയമെന്ന് തോന്നിപ്പിക്കും വിധം പുരാവസ്തുക്കളുടെ ശേഖരം നിറഞ്ഞതാണ് കലൂരിലെ വീട്. ഇതില്‍ പലതും സിനിമാ ചിത്രീകരണങ്ങള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്നു.

പള്ളിപ്പുറം എന്‍.എസ്.എസ് കോളേജ് കവലയില്‍ സൗന്ദര്യ വര്‍ദ്ധക ചികിത്സാ കേന്ദ്രവും നടത്തി. ഇതിനിടെ പുരാവസ്തു വ്യാപാരവും ആരംഭിച്ചു. പൊലീസില്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച് അധികാര കേന്ദ്രങ്ങളിലും പിടിയുറപ്പിച്ചു.

സെലിബ്രിറ്റികളുമായി അടുപ്പം സ്ഥാപിച്ചു. ചേര്‍ത്തലയിലെ ഒരു പ്രമുഖ ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനത്തില്‍ ബിനാമി ഇടപാടുകള്‍ ഉള്ളതായി സൂചനയുണ്ട്. ചേര്‍ത്തലയിലെതന്നെ ഒരു യുവ ആയുര്‍വേദ ഡോക്ടറും ഇയാളുടെ ബിനാമിയാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.