LOADING

Type to search

മോണ്‍സണ്‍ മാവുങ്കലിന്റ അറസ്റ്റ് ജന്മനാട്ടിലുള്ളവര്‍ പ്രതീക്ഷിച്ചത് തന്നെ: കൂടുതല്‍ കള്ളത്തരങ്ങള്‍ പുറത്ത്

Latest News Local News News

ചേര്‍ത്തല>>>മലയാളത്തിലെ നടന്മാരെ തട്ടിപ്പിന്റെ ഭാഗമാക്കാന്‍ ഒരു വ്യവസായ പ്രമുഖന് കിട്ടിയത് ജപ്പാനില്‍ നിന്നുള്ള പുരാവസ്തു വാച്ച്. നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെട്ട് ഈ വാച്ചും കെട്ടിയാണ് ഇപ്പോഴും വ്യവസായി നടക്കുന്നുത്.

പൊലീസുകാരേയും മറ്റും മോണ്‍സണ്‍ മാവുങ്കല്‍ തന്നോട് അടുപ്പിച്ചത് പ്രവാസി മലയാളി സംഘടനയുടെ മറവിലാണ്. ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീയ്ക്ക് പൊലീസ് ആസ്ഥാനത്തും മറ്റുമുണ്ടായിരുന്ന സ്വാധീനം മോണ്‍സണ്‍ മാവുങ്കലും നന്നായി ഉപയോഗിച്ചു. അങ്ങനെയാണ് മുതിര്‍ന്ന ഐപിഎസുകാര്‍ മാവുങ്കലിന്റെ അതിഥികളായത്.

മോഹന്‍ലാലിനെ വീട്ടില്‍ എത്തിച്ച മാവുങ്കല്‍ വമ്പന്‍ തട്ടിപ്പാണ് പദ്ധതി ഇട്ടത്. എന്നാല്‍ പുരാവസ്തുക്കളെ അടുത്ത് മനസ്സിലാക്കിയിരുന്ന മോഹന്‍ലാലിന് കള്ളം മനസ്സിലാക്കാന്‍ കഴിഞ്ഞു. പിന്നീട് മാവുങ്കലില്‍ നിന്നും അകന്നു. അപ്പോഴും സിനിമാക്കാരെ വീട്ടിലെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

തിരുവനന്തപുരത്തുള്ള പ്രമുഖ ഗായകനും മാവുങ്കലിന് പുതിയ ആളുകളെ പരിചയപ്പെടുത്തി. മാവുങ്കലിന്റെ കഥ വിശ്വസിച്ചായിരുന്നു ഇടപെടല്‍. ഈ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് ശരിയായ ദിശയില്‍ അന്വേഷിച്ചാല്‍ കള്ളത്തരങ്ങള്‍ പൊളിയും.

വിദേശത്ത് താമസിക്കുന്ന തൃശൂര്‍ സ്വദേശിനിയുടെ ഇടപെടലും തട്ടിപ്പിന് പിന്നിലുണ്ടോ എന്ന് പലരും സംശയിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും ചില സിപിഎം നേതാക്കളുമായുള്ള അടുപ്പം വ്യക്തമാക്കി ഫെയ്സ് ബുക്കിലും മറ്റും പോസ്റ്റിടുന്ന യുവതിയാണ് സംശയ നിഴലില്‍. രാഷ്ട്രീയ ബന്ധങ്ങളുടെ മറവില്‍ പൊലീസ് ആസ്ഥാനത്തും ഇവര്‍ ബന്ധങ്ങളുണ്ടാക്കി. തന്റെ തട്ടിപ്പിന് വിഐപികളെ ലക്ഷ്യമിട്ടിരുന്ന മാവുങ്കല്‍ ഇവരിലൂടെ പൊലീസ് ബന്ധങ്ങള്‍ സംഘടിപ്പിച്ചു. വാഗമണ്ണില്‍ നടന്ന പ്രവാസി സംഘടനാ യോഗത്തിന് അമ്പതു ലക്ഷം സംഭാവന ചെയ്തതും ഈ സംഘടനയുടെ വിശ്വാസം നേടിയെടുക്കാനായിരുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ മാവുങ്കലിന് വലിയ സ്വാധീനം ഉണ്ടായിരുന്നില്ല. ചേര്‍ത്തലക്കാര്‍ സംശയത്തോടെയാണ് കണ്ടിരുന്നത്.

സാധാരണ കുടുംബത്തില്‍ നിന്നു മോന്‍സന്റെ അസാധാരണമായ വളര്‍ച്ചയ്ക്കു പിന്നിലെ വഴികള്‍ നാട്ടുകാര്‍ക്ക് അപരിചിതമാണ്. ആഡംബര കാറുകളില്‍ അംഗരക്ഷകരുടെ അകമ്ബടിയുമായി എത്തുന്ന ഇയാളുടെ നാടകീയമായ അറസ്റ്റോടെ സംശയങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കുകയാണ് ചേര്‍ത്തലക്കാര്‍.

ചേര്‍ത്തല കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മാവുങ്കല്‍ വീട്ടിലെ സാധാരണ കുടുംബത്തില്‍നിന്നാണു തുടക്കം. വിവാഹത്തിനുശേഷം നാട്ടില്‍നിന്ന് അപ്രത്യക്ഷനായ ഇയാള്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രത്യക്ഷപ്പെട്ടത് ഡോക്ടറായും കോടീശ്വരനുമായാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഇയാള്‍ ചേര്‍ത്തല സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍നിന്ന് ഡിപ്ലോമ നേടി.

രണ്ടാം വരവില്‍ ചേര്‍ത്തല വടക്കേ അങ്ങാടി കവലയ്ക്കു സമീപം ഏതാനും വര്‍ഷം താമസിച്ചു. അസമയങ്ങളില്‍ ഉള്‍പ്പെടെ ഇവിടെ ആഡംബരവാഹനങ്ങള്‍ വന്നു പോകുന്നതു പതിവായിരുന്നു. നാട്ടുകാര്‍ സംശയം അറിയിച്ചതിനെ തുടര്‍ന്ന് ഇവിടെ ഒരു സമയം പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

പള്ളിപ്പുറം എന്‍.എസ്.എസ്. കോളേജ് കവലയില്‍ സൗന്ദര്യവര്‍ധക ചികിത്സാകേന്ദ്രവും നടത്തി. ഇതിനിടെ പുരാവസ്തുവ്യാപാരവും ആരംഭിച്ചു. പനമ്പള്ളി നഗറിലും ചികില്‍സാ കേന്ദ്രം ഉണ്ടായിരുന്നു. കൊച്ചിയിലെ വീട്ടിലും സൗകര്യങ്ങള്‍ ഒരുക്കി.

രണ്ടുവര്‍ഷം മുന്‍പു ജന്മനാടിലെ പള്ളിയില്‍ സ്വന്തം നിലയ്ക്കു പെരുന്നാള്‍ ആഘോഷം നടത്തി നാട്ടുകാരെ ഞെട്ടിച്ചു. കോടികള്‍ മുടക്കി സിനിമാതാരങ്ങള്‍, പിന്നണിഗായകര്‍ ഉള്‍പ്പെടെ അണിനിരന്നായിരുന്നു കലാപരിപാടികള്‍. ഒരുവര്‍ഷം മുന്‍പു വാഹനത്തട്ടിപ്പിന്റെ പേരില്‍ പൊലീസ് കേസെടുത്തിരുന്നു. കാരവന്‍ ഉള്‍പ്പെടെയുള്ള ആഡംബര വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് ഉടമസ്ഥരെ കബളിപ്പിച്ചതിനായിരുന്നു കേസ്. കേസില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലുണ്ട്.

ശനിയാഴ്ച ചേര്‍ത്തല വല്ലയില്‍ ഭാഗത്തെ വീട്ടില്‍നിന്നാണ് ഇയാളെ എറണാകുളം ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. മകളുടെ വിവാഹനിശ്ചയം ഇന്നലെയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വരെ പങ്കെടുത്തതായാണു വിവരം. നാട്ടുകാരുമായി ബന്ധമില്ലാത്തതിനാല്‍ അയല്‍വാസികളെ പോലും ചടങ്ങിനു ക്ഷണിച്ചിരുന്നില്ല.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.