LOADING

Type to search

മോന്‍സന്‍ തന്റെ തട്ടിപ്പുകള്‍ക്കായി ഉന്നതരെ കൂട്ടുപിടിച്ചത് ഇറ്റലിയില്‍ താമസക്കാരിയായ മലയാളി യുവതി അനിത പുല്ലയിലുമായി:ദുരൂഹതയായി അനിത പുല്ലയില്‍

Latest News Local News News

കൊച്ചി>>>മോന്‍സന്‍ തന്റെ തട്ടിപ്പുകള്‍ക്കായി ഉന്നതരെ കൂട്ടുപിടിച്ചത് ഇറ്റലിയില്‍ താമസക്കാരിയായ മലയാളി യുവതി അനിത പുല്ലയില്‍ വഴിയാണെന്ന ആരോപണം പുറത്തുവന്നു കഴിഞ്ഞു. മോന്‍സനുമായി തെറ്റിയപ്പോഴാണ് ഇവര്‍ തട്ടിപ്പുകളെ കുറിച്ച് പൊലീസില്‍ വിവരം നല്‍കിയത്. അതേസമയം ഇവര്‍ തമ്മില്‍ തെറ്റാനുണ്ടായ കാരണം അടക്കം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

അടുത്ത ബന്ധമുള്ള ഒരു സ്ത്രീവഴിയാണ് മോണ്‍സണ്‍ പ്രവാസി യുവതിയുമായി അടുപ്പമുണ്ടാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. നിരവധി പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുള്ളയാളാണ് ഈ സ്ത്രീയെന്നും സൂചനകളുണ്ട്. ഈ ബന്ധമാണ് പ്രവാസിയുവതിയായ അനിതയുമായി പൊലീസുകാരുമായുള്ള ബന്ധത്തിന് വഴിയൊരുക്കിയതും. ബെഹ്റയെ മോന്‍സന് പരിചയപ്പെടുത്തിയത് താനാണെന്ന് അനിതയും വെളിപ്പെടുത്തിയിരുന്നു.

പൊലീസിലെ ബന്ധം വച്ചാണ് പ്രവാസി യുവതി പൊലീസ് ആസ്ഥാനത്തെത്തി ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടിരുന്നത്. സൗഹൃദപ്പട്ടികയില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നതും ചര്‍ച്ചയായിരുന്നു. മോണ്‍സണെ അനിതക്ക് പരിചയപ്പെടുത്തിയ സ്ത്രീയ്ക്ക് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍െപ്പടെയുള്ളവരുമായി ബന്ധമുണ്ട്. ഇവരുടെ മകന് ഒരു പൊലീസ് ഉദ്യോഗസ്ഥയുമായി വിവാഹാലോചന നടന്നിട്ടുണ്ടെന്നും പറയുന്നുണ്ട്.

അതേസമയം മോന്‍സന്‍ വിഷയത്തില്‍ പ്രവാസി മലയാളിലോകം അനിത പുല്ലയിലിനെ കുറ്റപ്പെടുത്തി രംഗത്തുവരുന്നുണ്ട്. മോന്‍സണ്‍ മാവുങ്കലിന് ഉന്നതബന്ധങ്ങളിലേക്ക് വഴിയൊരുക്കിയത് ഇറ്റലിയില്‍ താമസിക്കുന്ന അനിതയുടെ സ്വാധീനങ്ങളാണെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്. അനിതയുടെ സ്വാധീനങ്ങളാണ് നിരവധി പ്രവാസികളെയും കുരുക്കിലാക്കിയതെന്നുമുള്ള ചര്‍ച്ചകളിലാണ് പ്രവാസി മലയാളിലോകം.

മോന്‍സണുമായി അടുത്ത സൗഹൃദമായിരുന്നു യുവതിക്ക്. ഇത് ഫെഡറേഷനില്‍ ഉള്ളവര്‍ക്കെല്ലാം അറിയാമായിരുന്നു. ഫെഡറേഷനില്‍ മോന്‍സണ് ശക്തമായ സ്വാധീനമുണ്ടാക്കാന്‍ സഹായിച്ചതും ഈ കൂട്ടുതന്നെയാണെന്ന് സംഘടനാ ഭാരവാഹികള്‍ അടക്കം പറയുന്നു. ഇവര്‍ക്ക് കേരള പൊലീസിലെ ഉന്നതരുമായും രാഷ്ട്രീയരംഗത്തെ പ്രമുഖരുമായും അടുത്ത ബന്ധം ഉണ്ട്. സൈബര്‍ സുരക്ഷയ്ക്കായി കൊച്ചിയില്‍ പൊലീസ് നടത്തിയ ‘കൊക്കൂണ്‍’ സമ്മേളനത്തിലും ലോക കേരള സഭയുടെ പരിപാടിയിലുമെല്ലാം അനിത പുല്ലയില്‍ പ്രതിനിധിയായി പങ്കെടുത്തിരുന്നു.

അതേസമയം മുന്‍ ഡിജിപി ലോക്‌നാഥ് ബെഹറക്ക് താന്‍ ഒരു പരാതിയും നല്‍കിയിട്ടില്ല. തനിക്കെതിരെ മോണ്‍സന്‍ രണ്ടു സ്ത്രീകളെ കൊണ്ട് അപകീര്‍ത്തി കേസ് കൊടുപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് അനിത പറയുന്നത്. ‘പ്രവാസി മലയാളി ഫെഡറേഷന്റെ കോര്‍ഡിനേറ്റാറാണ് താന്‍. ലോക കേരള സഭയിലെ അംഗം കൂടിയാണ്. രണ്ടു വര്‍ഷം മുമ്ബ് എന്റെ പിതാവ് മരിച്ചപ്പോഴാണ് മോണ്‍സന്‍ ആദ്യമായി എന്റെ വീട്ടിലേക്കെത്തുന്നത്. ആ ഘട്ടത്തിലാണ് അയാളുമായി പരിചയത്തിലാകുന്നത്. ഇറ്റലിയില്‍ മാത്രമല്ല സംഘടനയിലെ സ്ത്രീ വിഭാഗത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലക്ക് വിവിധ രാജ്യങ്ങളിലുള്ളവരുമായും സര്‍ക്കാര്‍ പ്രതിനിധികളുമായും അവര്‍ ഇവിടെ വരുമ്പോള്‍ ഞാന്‍ ബന്ധപ്പെടാറുണ്ട്. അങ്ങനെയാണ് പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടാകുന്നത്.

ഇങ്ങനെയിരിക്കുമ്പോള്‍ മോണ്‍സന്റെ വീട്ടിലേക്ക് ക്ഷണമുണ്ടായി. നിരവധി ആളുകള്‍ അന്നവിടെ ഉണ്ടായിരുന്നു. ഒരു കള്ളത്തരവും അന്നൊന്നും ഞങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥരുമായി ഞാന്‍ മോണ്‍സനെ പരിചയപ്പെടുത്തി നല്‍കിയിട്ടില്ല. ഒപ്പം ഫോട്ടോയെടുത്ത് അത് തട്ടിപ്പിനായി ഉപയോഗിക്കുന്നത് ഇയാളുടെ പതിവാണ്’, അനിത പറഞ്ഞു.

തന്നോട് നിരവധി പേര്‍ മോണ്‍സനെ കുറിച്ച് പരാതി പറഞ്ഞതോടെയാണ് ഇയാളുടെ തട്ടിപ്പ് വിവരം താന്‍ അറിയുന്നതെന്നും അനിത വ്യക്തമാക്കി. അനിതയാണ് മോണ്‍സനെ പൊലീസ് ഉന്നതരുമായി പരിചയപ്പെടുത്തിയതെന്നും അനിതയുമായി ഇയാള്‍ തെറ്റിയതോടെ പൊലീസ് ഉന്നതരും കൈവിട്ടെന്നുമായിരുന്നു ചില റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലാണ് നിലവില്‍ അനിതയുള്ളത്.

ഉന്നതരുമായി അടുത്ത സൗഹൃദമുണ്ടെന്ന് അനിതയുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണ്. പൊലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ ഉണ്ടാക്കിയെടുത്ത ബന്ധമാണ് പിന്നീട് മോന്‍സണ്‍ തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയതെന്നാണ് കരുതുന്നത്. ഒരു ഉന്നത പൊലീസ് ഓഫീസര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ യുവതി തുടര്‍ച്ചയായി ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. ഫെഡറേഷന്റെ കുടുംബ സംഗമങ്ങളില്‍ മോന്‍സണൊപ്പം നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ ഇവര്‍ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇതില്‍ പല പരിപാടികളുടെയും പ്രധാന പങ്കാളി മോന്‍സന്റെ കമ്ബനിയായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് പിന്നീട് പ്രവാസികളെ അടക്കം മോന്‍സണ്‍ തട്ടിപ്പില്‍ വീഴിത്തിയത്. മോന്‍സണും യുവതിയും തമ്മില്‍ എന്തിനാണ് തെറ്റിപ്പിരിഞ്ഞതെന്നും എപ്പോഴാണ് തെറ്റിയതെന്നും വ്യക്തമല്ല. മോന്‍സണ്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിട്ടും പുറത്തു പറയാതിരിക്കുകയും തെറ്റിപ്പിരിഞ്ഞപ്പോള്‍ വിവരങ്ങള്‍ പുറത്തറിയിക്കുകയുമായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. മോന്‍സണ്‍ പീഡിപ്പിച്ച നിരവധിപേരുടെ വിവരങ്ങള്‍ തനിക്ക് അറിയാമെന്നും തെളിവുകള്‍ നല്‍കാമെന്നും യുവതി പരാതിക്കാരെ അറിയിച്ചിരുന്നു. ആരോപണങ്ങളുമായി ഇവര്‍ സ്വയം മുന്നോട്ടുവരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

രണ്ടുവര്‍ഷം മുന്‍പാണ് ബെഹ്‌റ മുന്നറിയിപ്പ് നല്‍കിയതെന്ന് അനിത പറഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇടപാടുകളില്‍ പങ്കുള്ളതായി അറിയാമെന്ന് അനിത പറഞ്ഞു. പരാതിക്കാരോട് മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിക്കാന്‍ ഉപദേശിച്ചത് താനെന്ന് അനിത കൂട്ടിച്ചേര്‍ത്തു. തന്നെയും മുന്‍ ഡിജിപിയെയും തെറ്റിക്കാന്‍ മോന്‍സന്‍ അപവാദപ്രചരണം നടത്തി. ഡിഐജി സുരേന്ദ്രന്റെ കുടുംബവുമായുള്ള ബന്ധം ഇല്ലാതാക്കിയത് മോന്‍സനാണ് എന്നും അനിത പറഞ്ഞു.മോന്‍സണ്‍ മാവുങ്കല്‍ കുടുങ്ങാന്‍ കാരണം അനിതയാണെന്ന സൂചനയും ഉണ്ടായിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകയാണ് അവര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.