കൊച്ചി>>> പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ വീട്ടില്‍ വനം വകുപ്പ് പരിശോധന. മ്യൂസീയത്തിന്റെ ദൃശ്യങ്ങളില്‍ ആനക്കൊമ്ബിന്റെ ചിത്രങ്ങള്‍ കണ്ടതിന് പിന്നാലെയാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വകുപ്പുകള്‍ ഇവിടെ പരിശോധന നടത്തിയിരുന്നു. മോന്‍സന്റെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്.
കൊച്ചി കലൂരിലെ വീട്ടിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന മോന്‍സന്റെ പുരാവസ്തു ശേഖരത്തില്‍ രണ്ട് ആനക്കൊമ്പുകളുടെ ചിത്രം പുറത്തുവന്നിരുന്നു.ആ ദൃശ്യങ്ങളുടെ ഭാഗമായാണ് വനം വകുപ്പ് പ്രാഥമിക പരിശോധന നടത്തുന്നത്. ഈ ആനക്കൊമ്പ് യഥാര്‍ഥമാണോ, അങ്ങനെയെങ്കില്‍ എവിടെ നിന്നാണ് ലഭിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അറിയുകയാണ് പരിശോധനയുടെ ലക്ഷ്യം. കൂടാതെ ആനക്കൊമ്പിന് പുറമെ മറ്റേതെങ്കിലും വന്യമൃഗങ്ങളുടെ കൊമ്പുകളും ശേഖരത്തിലുണ്ടോ എന്നറിയുകയും പരിശോധനയുടെ ലക്ഷ്യമാണ്.
അതേസമയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത മോന്സന് മാവുങ്കലിനെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമായാല്‍ കോടതിയിലേക്ക് കൊണ്ടുപോകും. മോന്‍സന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി വിധി പ്രസ്താവിക്കും.
രാവിലെ കോടതിയിലെത്തിക്കുന്നതിന് മുന്‍പ് നടത്തിയ വൈദ്യപരിശോധനയിലാണ് രക്തസമ്മര്‍ദ്ദം ഉയര്‍ന്നത്. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് ടെസ്റ്റും പൂര്‍ത്തിയാക്കി. അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാവശ്യപ്പെട്ടിട്ടുണ്ട്.
മോന്‍സനെതിരായ രണ്ടാമത്തെ കേസിലും ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി. പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരന് നല്കിയ പരാതിയിലാണ് അറസ്റ്റ്. രാജീവില്‍നിന്നു 1.68 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. രാവിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, മോന്സണ് മാവുങ്കലിന്റെ വീടുകള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കിയത് ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമായി. ബെഹ്റ നിര്‍ദ്ദേശം നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്. ആലപ്പുഴ എസ്പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് മോന്സണ് മാവുങ്കലിന്റെ വീടിന് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ലോക്നാഥ് ബെഹ്റ കത്ത് നല്‍കിയത്. 2019 ജൂണ്‍ 13നാണ് ലോക്നാഥ് ബെഹ്റ സുരക്ഷ ഒരുക്കാന്‍ നിര്‍ദ്ദേശിച്ച് കത്ത് അയച്ചത്.
കൊച്ചിയിലെ നോര്‍ത്ത് പൊലീസ് സ്റ്റേഷന് പരിധിയിലെ മോന്സണ് എഡിഷനെന്ന വീടിന് സുരക്ഷ ഒരുക്കാനാണ് ലോക്നാഥ് ബെഹ്റ ആദ്യം കത്തില്‍ ആവശ്യപ്പെട്ടത്. അമൂല്യമായ പുരാവസ്തു ശേഖരമുള്ളതാണ് ഈ വീടെന്നും കത്തില്‍ ബെഹ്റ പറയുന്നുണ്ട്.
ബെഹ്റയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോന്സണ് മാവുങ്കലിന്റെ ചേര്‍ത്തലയിലെയും കൊച്ചിയിലെയും വീടുകള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കി. സമാനമായ കത്ത് ഡിജിപിയായിരുന്ന ബെഹ്റ ചേര്‍ത്തലയിലേക്കും അയച്ചിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ച് സുരക്ഷ ഒരുക്കിയെന്ന് ചൂണ്ടിക്കാട്ടി 21. 11. 2019ല്‍ അതത് ജില്ലാ പൊലീസ് മേധാവിമാര്‍ ഡിജിപിക്ക് അയച്ച കത്തും റിപ്പോര്‍ട്ടര്‍ ടിവി പുറത്തു വിട്ടു.
വീടുകള്‍ക്ക് മുന്നില്‍ പൊലീസ് പെട്രോളിംഗും ആരംഭിച്ചെന്നും, വീടുകളില്‍ ബീറ്റ് ബോക്സും സ്ഥാപിച്ചതായും ജില്ലാ പൊലീസ് മേധാവിമാര്‍ ബെഹ്റയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ബെഹ്റ മോന്‍സനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മോന്‍സണിന് എതിരായ കേസ് ലോക്കല്‍ പൊലീസിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിച്ച ഐജി ലക്ഷണയ്ക്ക് എതിരെ നടപടി എടുക്കാതിരുന്നതിനു പിന്നിലും ബെഹ്റയുടെ നിര്‍ദ്ധേശം ഉണ്ടായിരുന്നുവെന്നാണ് വിവരം.
Follow us on