LOADING

Type to search

തട്ടിപ്പില്‍ വീണവരോട് മോന്‍സന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ ആരുമൊന്ന് ഞെട്ടും

Latest News Local News News

കൊച്ചി>>> കൊച്ചിയിലെ പുരാവസ്തുവില്‍പനക്കാരനെന്ന പേരില്‍ പലരില്‍ നിന്നായി കോടികള്‍ മോന്‍സണ്‍ മാവുങ്കല്‍ തട്ടിച്ചപ്പോള്‍ ഈ തട്ടിപ്പില്‍ വീണവരോട് മോന്‍സന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ ആരുമൊന്ന് ഞെട്ടും.

അത്രയ്ക്ക് വലിയ ബഡായികളാണ് ആളുകളെ വീഴ്ത്താനായി മോന്‍സണ്‍ പറഞ്ഞിരുന്നത്. ഈ കഥകള്‍ കേട്ട് പണം കൊടുക്കുന്നവര്‍ തല പരിശോധിക്കണം എന്നു പറഞ്ഞാല്‍ പോലും അതില്‍ തെറ്റില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു.

ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ പിന്‍വലിക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കാന്‍ എന്നു പറഞ്ഞാണ് മോന്‍സന്‍ പലപ്പോഴായി 10 കോടി രൂപ വാങ്ങിയത്. 2.62 ലക്ഷം കോടി രൂപ എന്നത് കേരളത്തിന്റെ ബജറ്റിനേക്കാള്‍ ഉയര്‍ന്ന തുകയാണ് എന്ന ചിന്തപോലും പണം കൊടുത്തവര്‍ക്ക് ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം.

തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി.അഹമ്മദ്, സലീം എടത്തില്‍, എം ടി.ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് മോന്‍സന്റെ തട്ടിപ്പു ശൈലിയെ കുറിച്ച് വിവരിക്കുന്നത്.

ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ പിന്‍വലിക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കാനെന്നു പറഞ്ഞ് മോന്‍സന്‍ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. തുടര്‍ന്ന് 2018 നവംബര്‍ 22നു കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടില്‍വച്ച് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തില്‍ തങ്ങളുമായി ചര്‍ച്ച നടത്തി. ഡല്‍ഹിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നു സുധാകരന്‍ ഉറപ്പുനല്‍കി.

അവിടം കൊണ്ടും തീര്‍ന്നില്ല മോന്‍സന്റെ തട്ടിപ്പു കഥകള്‍. മോന്‍സന്റെ ശേഖരത്തില്‍ ഉണ്ടായിരുന്ന വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ കേട്ടാല്‍ ആരും തലചുറ്റി വീണു പോകും. അത്രയ്ക്ക് വലിയ തള്ളാണ് ഇതിലുള്ളത്. ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, മോശയുടെ അംശവടി, യൂദാസിന്റെ വെള്ളിക്കാശും അടക്കം തന്റെ കൈവശമുണ്ടെന്ന് മോന്‍സണ്‍ അവകാശപ്പെട്ടിരുന്നു. ഗണപതിയുടെ താളിയോലയായിരുന്നു മറ്റൊന്ന്. വ്യാസനു വേണ്ടി ഗണപതി മഹാഭാരതം എഴുതിക്കൊടുത്ത താളിയോല തന്റെ പക്കലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ശ്രീകൃഷ്ണന്‍ മണ്‍കുടം പൊട്ടിക്കാതിരിക്കാന്‍ യശോദ ഉണ്ടാക്കിയ മരക്കുടവും മോശയുടെ അംശവടിയും, ബൈബിളില്‍ പരാമാര്‍ശിക്കുന്ന മോശയുടെ സര്‍പ്പം ചുറ്റിയ വടിയുമായിരുന്നു മറ്റു വസ്തുക്കള്‍. യേശുവിനെ കുരിശിലേറ്റിയപ്പോല്‍ ധരിച്ച വസ്ത്രത്തിന്റെ ഭാഗവും യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയ അദ്ഭുതത്തിന് ഉപയോഗിച്ച ഭരണിയും കൈവശമുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. മഹാകവി അദ്ധ്യാത്മ രാമായണം എഴുതിയ താളിയോലയും കൈവശമുംണ്ടെന്ന് മോന്‍സന്‍ പറഞ്ഞിരുന്നു.

പ്രവാസി മലയാളി ഫെഡറേഷന്‍ എന്ന സംഘടനയുടെ പേരില്‍ 2019ല്‍ മുഖ്യമന്ത്രി പിണറായി വിജയനു പ്രവാസി പുരസ്‌കാരം നല്‍കിയെന്നു പറഞ്ഞ് അതിന്റെ പോസ്റ്റര്‍ കാണിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ബന്ധമുണ്ടെന്നും പറഞ്ഞു. ഇത്തരത്തില്‍ ഉന്നതരുടെ ചിത്രങ്ങള്‍ കാണിച്ചായിരുന്നു മോന്‍സന്റെ തട്ടിപ്പു ശൈലി.

ഒരിക്കല്‍ മുന്‍ ഡിഐജി എസ്.സുരേന്ദ്രന്റെ വീട്ടില്‍ വച്ചാണ് മോന്‍സന് 25 ലക്ഷം രൂപ നല്‍കിയത്. എസ്.സുരേന്ദ്രനും മുന്‍ എറണാകുളം അസി. കമ്മിഷണര്‍ കെ.ലാല്‍ജിയും വീട്ടിലെ സ്ഥിരം സന്ദര്‍ശകരാണെന്ന് അവകാശപ്പെട്ടിരുന്നു. മുന്‍ മന്ത്രി മോന്‍സ് ജോസഫ്, ഹൈബി ഈഡന്‍ എംപി, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം, ഐജി ആര്‍. ശ്രീലേഖ എന്നിവര്‍ വീട്ടിലെത്തിയതിന്റെ ചിത്രങ്ങളും കാണിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.

മോന്‍സണിനെതിരെ മുഖ്യമന്ത്രിക്കു പരാതി നല്‍കിയ ആറു പേരില്‍ കോഴിക്കോട് സ്വദേശിയായ യാക്കൂബ് പുറായിലിലിന്റെ വെളിപ്പെടുത്തലും ഞെട്ടിക്കുന്നതാണ്. മോന്‍സന്റെ ത്ട്ടിപ്പു ശൈലിയെ കുറിച്ച് അദ്ദേഹം ശരിക്കും വിശദീകരിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനോടും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനോടും അടുപ്പമുണ്ടെന്നു പറയുന്ന, വിളിപ്പുറത്ത് ഓടിയെത്താന്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുള്ള, കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ഒരാള്‍ എന്നു നടിക്കുക. അതിനു തെളിവായി ഫോട്ടോകളും വിഡിയോയും കാണിക്കുക. നമ്മുടെ മുന്നില്‍നിന്നു ഫോണ്‍ വിളിച്ചു സംസാരിക്കുക…

2017ലാണ് ഇയാളുമായി പരിചയപ്പെടുന്നത്. ഒരു സുഹൃത്ത് ഇയാള്‍ക്കു പണം നല്‍കി പെട്ടു പോയിരുന്നു. തിരിച്ചുചോദിച്ച് കിട്ടുന്നില്ല. ഇതിനൊരു മധ്യസ്ഥത എന്ന നിലയിലാണ് മോന്‍സണിനെ കാണാന്‍ പോയത്. അവിടെ എത്തിയപ്പോള്‍ വീട് കണ്ട് ഞെട്ടിപ്പോയി. അമ്ബരിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ ഉണ്ടായിരുന്നുത്. വിശുദ്ധ ഖുര്‍ആന്‍, മുഗള്‍ രാജാക്കന്മാരുടെ ശേഷിപ്പുകള്‍, ടിപ്പു സുല്‍ത്താന്റെ സിംഹാസനം തുടങ്ങി ആരെയും അമ്ബരിപ്പിക്കുന്ന പുരാവസ്തുക്കള്‍!

ഏതു മതവിഭാഗക്കാരെയും വീഴ്ത്താനുള്ള സംഗതികള്‍ അയാളുടെ കൈവശമുണ്ട്. വീടിനു ചുറ്റം ആഡംബര കാറുകള്‍, അംഗരക്ഷകര്‍, ആകെ അദ്ഭുതലോകം. വരുന്നവരെ വാക്കു കൊണ്ടു മയക്കി വീഴ്ത്താനും വലിയ കഴിവുണ്ട്. ഓരോ പുരാവസ്തുവുമായി ബന്ധപ്പെട്ടു വലിയ ചരിത്ര കഥകള്‍ പറയും.

പത്താം ക്ലാസ് പോലും പാസാകാത്ത ഇയാള്‍ക്ക് ഈ കഥകളൊക്കെ ആരു പറഞ്ഞു കൊടുക്കുന്നു എന്നതാണു സംശയം. ഒരു പക്ഷേ ഇതിനു പിന്നില്‍ വലിയ സംഘംതന്നെ ഉണ്ടാകാം.- യാക്കൂബ് പറയുന്നു.

പുരാവസ്തുക്കള്‍ വിറ്റ വകയില്‍ ലഭിക്കാനുള്ള 2.62 ലക്ഷം കോടി രൂപ കേന്ദ്ര ഏജന്‍സി തടഞ്ഞു വച്ചിരിക്കുകയാണ്. 2 കോടി രൂപയുണ്ടെങ്കില്‍ കേസ് നടത്തി പണം പിന്‍വലിക്കാം. ‘പിന്നെ കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ ഞാനല്ലേ’ എന്നാണ് എന്നോടു പറഞ്ഞത്. മാത്രമല്ല ഗള്‍ഫില്‍ ബിസിനസ് നടത്താന്‍ 50 കോടി രൂപ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പലിശരഹിതമായി തരാമെന്നും വാഗ്ദാനം ചെയ്തു. അങ്ങനെയാണ് ഞാന്‍ പണം നല്‍കുന്നത്.

മാത്രമല്ല അനുജനെ വിളിച്ചു വരുത്തി ഇയാളെ കാണിച്ച ശേഷം അവനോടും ഇന്‍വെസ്റ്റ് ചെയ്യാന്‍ പറഞ്ഞു. അങ്ങനെ 25 പേരില്‍നിന്ന് ഞാന്‍ ഇടനിലക്കാരനായി 10 കോടി രൂപയാണു വാങ്ങി നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെല്ലാം ഇപ്പോള്‍ ഞാന്‍ പണം തിരിച്ചു നല്‍കേണ്ട അവസ്ഥയാണ്.

3 തരത്തിലാണ് ഇയാള്‍ വിശ്വാസം നേടിയെടുക്കാറുള്ളത്. രാഷ്ട്രീയക്കാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, മത നേതാക്കള്‍; ഈ വിഭാഗത്തില്‍ പെടുന്നവര്‍ പറഞ്ഞാല്‍ വീഴാത്തവര്‍ വളരെ അപൂര്‍വമായിരിക്കും. സംശയിച്ചു നില്‍ക്കുന്നവരെ പറഞ്ഞു വീഴ്ത്താന്‍ മോന്‍സണ്‍ മാവുങ്കലിനുള്ള വിരുത് ആരെയും അതിശയിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള ആളെന്നു പറഞ്ഞ് ഇടയ്ക്ക് ഒരു സ്വാമിയെവരെ പരിചയപ്പെടുത്തി തന്നിരുന്നു.

എംപിമാര്‍, എംഎല്‍എമാര്‍, ഐപിഎസുകാര്‍, ഐഎഎസുകാര്‍ എന്നിവരെയൊക്കെ കണ്ടാല്‍ ഏതു സാധാരണക്കാരനാണു വീഴാത്തത്? പണം നല്‍കാന്‍ എത്തിയ ആളിന്റെ മുന്നില്‍നിന്ന് വിഎസിനെയും പിണറായി വിജയനെയും കെ.സുധാകരനെയും ഒക്കെ ഫോണില്‍ വിളിക്കുന്നതായി കാണിക്കും.

അപ്പുറത്ത് അവര്‍ ഫോണ്‍ എടുത്ത പോലെ നമ്മള്‍ വിശ്വസിച്ചു പോകും. പിണറായി വിജയനും കെ.സുധാകരനും ഒപ്പമുള്ള ചിത്രങ്ങളും കാണിച്ചു. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണും മുന്‍ ഡിജിപി ശ്രീലേഖയും ഇയാള്‍ക്കൊപ്പം നില്‍ക്കുന്ന പടങ്ങളുമുണ്ടായിരുന്നു.

ഞാന്‍ പണം നല്‍കിയത് ഡിഐജി ആയിരുന്ന സുരേന്ദ്രന്‍ സാറിന്റെ വീട്ടില്‍വച്ചാണ്. അന്ന് അവിടെ എന്തോ പാര്‍ട്ടി നടക്കുന്നുണ്ടായിരുന്നു. ഒരുപാട് ആളുകളുണ്ടായിരുന്നു. പണം നല്‍കുന്നതിനു മുന്‍പ് സംശയങ്ങള്‍ സുരേന്ദ്രന്‍ സാറിനോടു ചോദിച്ചിരുന്നു. അദ്ദേഹം പൂര്‍ണമായും മറുപടി പറയുന്നതിനു മുന്‍പ് മോന്‍സണ്‍ ഇടയില്‍ കയറി പലതും പറയും.

അങ്ങനെ വിഷയം വഴിതിരിച്ചു വിട്ടും നമുക്ക് ആശയക്കുഴപ്പമുണ്ടാക്കി പണം വാങ്ങിയെടുക്കും. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം കിട്ടാതായപ്പോള്‍ അന്വേഷിച്ചു തുടങ്ങി. അപ്പോള്‍ ഒരാഴ്ച, 10 ദിവസം, രണ്ടു ദിവസം, വൈകിട്ടു തരാം എന്നൊക്കെയുള്ള മറുപടികളാണു പറയുക. ഓരോ ദിവസവും ഓരോ കഥയാണ്. ആ കഥകള്‍ വിശ്വസിച്ചു നമ്മള്‍ മിണ്ടാതെ ഇരുന്നോളണം. ഇല്ലെങ്കില്‍ ഭീഷണിയാണ്.

25 വര്‍ഷം ആയിക്കാണും മോന്‍സണ്‍ ആളുകളെ പറ്റിക്കാന്‍ തുടങ്ങിയിട്ട്. 6 കോടി രൂപ നല്‍കിയ കാഞ്ഞിരപ്പള്ളിക്കാരനായ ഒരാളുണ്ട്. അയാള്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. മോന്‍സണ്‍ പൊലീസില്‍ സ്വാധീനം ചെലുത്തി ഇയാള്‍ക്കെതിരെ മൂന്നോ നാലോ കേസ് എടുപ്പിച്ചു.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആ പാവം ഇപ്പോള്‍ ഈ കേസുകളില്‍നിന്ന് തലയൂരാന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് ഞങ്ങള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കാന്‍ തീരുമാനിച്ചത്. താഴെ തട്ടില്‍ പരാതി കൊടുത്താല്‍ ഇയാള്‍ ഒതുക്കുമെന്ന് ഉറപ്പാണ്. എന്റ ബന്ധുവായ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ വഴിയാണു മുഖ്യമന്ത്രിക്ക് ഒന്നരമാസം മുന്‍പ് പരാതി നല്‍കിയത്. ഭൂരിഭാഗം പേരും മോന്‍സണിന്റെ ബെനാമി അക്കൗണ്ടിലൂടെയാണു പണം നല്‍കിയിരിക്കുന്നത്. മകളുടെ വിവാഹം മുടങ്ങുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ എനിക്ക് 4 കോടി രൂപയുടെ എഗ്രിമെന്റ് ഒപ്പിട്ടു തന്നുവെന്നും യാക്കൂബ് പറയുന്നു.

ഖത്തറിലെ രാജ കുടുംബം ഇസ്ലാം മതവുമായി ബന്ധപ്പെട്ട പുരാവസ്തുക്കള്‍ ഖത്തര്‍ മ്യൂസിയത്തിനു വേണ്ടി വാങ്ങാന്‍ വന്നുവെന്നും 93 ഉല്‍പന്നങ്ങള്‍ 15,000 കോടി രൂപയ്ക്കു വില്‍പന ഉറപ്പിച്ചെന്നും പറഞ്ഞാണ് പുതിയ തട്ടിപ്പിന് ഇരകളെ തേടുന്നത്.

ഇതിനായി ബന്ധപ്പെട്ട രേഖകളും വാട്സാപ് വഴി പ്രചരിപ്പിക്കുന്നുണ്ട്. നിരവധി ചിട്ടിതട്ടിപ്പു കേസുകളില്‍ പ്രതിയായ ഒരാളാണ് ഇയാളുടെ ബെനാമിയായി പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പു നടത്തിയ മുഴുവന്‍ തുകയും മോന്‍സണ്‍ ചെലവാക്കിയിട്ടൊന്നുമില്ല. മറ്റേതോ അക്കൗണ്ടിലേക്കൂ മാറ്റിയിരിക്കുകയാണ്. അതു കണ്ടെത്തി നിക്ഷേപകരുടെ പണം തിരികെ നല്‍കാനാണ് അന്വേഷണം നടക്കേണ്ടത്- യാക്കൂബ് പറയുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.