കണ്ണൂര്‍>>> മോന്സണ് മാവുങ്കലിനെതിരായ തട്ടിപ്പ് കേസുമായി തനിക്ക് ബന്ധമില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന് എം.പി. പറഞ്ഞു.
ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതിനുപിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് പത്രസമ്മേളനത്തില്‍ സുധാകരന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി വിളിച്ചുവെന്ന് പരാതിക്കാരന് തന്നെ പറഞ്ഞിട്ടുണ്ട്.
മോന്‍സണെ ആറോ ഏഴോ തവണ കണ്ടിട്ടുണ്ട്.അയാളുടെ വീട്ടില്‍ പോയിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. ത്വക്കിന് ചെറിയൊരു അസുഖം വന്നപ്പോള്‍ എബി എന്നയാളാണ് ചികിത്സയെ കുറിച്ച് പറയുന്നത്. വ്യാജഡോക്ടറാണോ എന്നൊന്നും അറിയില്ല.അയാളുടെ മരുന്ന് ഉപയോഗിച്ചിരുന്നു.
രോഗം മാറിയില്ല.ആ വീട്ടില്‍ പോയപ്പോഴാണ് പുരാവസ്തു ശേഖരത്തെക്കുറിച്ച് അറിയുന്നത്. അപൂര്‍വമായ ബൈബിളും ഖുര്‍ ആനും ഒക്കെ കാണിച്ചു തന്നു. ഇതൊക്കെ തട്ടിപ്പാണെന്ന് എങ്ങനെ തിരിച്ചറിയും.

എന്തെങ്കിലും ആവശ്യത്തിനായി അനധികൃതമായി ഇടപെട്ടു എന്നു തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും-സുധാകരന് പറഞ്ഞു.
2018ല്‍ താന്‍ എം.പിയല്ല. ചര്‍ച്ച നടത്തിയെന്ന് പരാതിക്കാരന് പറയുന്ന ദിവസം വയനാട് എം.പിയായിരുന്ന എം.ഐ.ഷാനവാസിന്റെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരാണ് ഈ തട്ടിപ്പുകാരന് മാനവസേവാപുരസ്കാരം നല്‍കിയത് .അന്നത്തെ കൃഷി മന്ത്രി വി. എസ്.സുനില്‍കുമാറും ഇപ്പോഴത്തെ മന്ത്രി അഹമ്മദ്ദേവര്കോവിലുമടക്കം പല ഇടതു നേതാക്കളും ഉയര്‍ന്ന ഉദ്യോഗസ്ഥരും മോന്‍സണെ കണ്ടിട്ടുണ്ട്.അയാളുടെ കൂടെനിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. കേസിനെ നിയമപരമായി നേരിടും. കേസില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് സുധാകരന് പറഞ്ഞു.
Follow us on