മൊഫിയ കേസ്:തീവ്രവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

ആലുവ>> മൊഫിയ കേസില്‍ സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ തീവ്രവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആര്‍.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ഡിഐജിയുടേതാണ് നടപടി. സംഭവത്തില്‍ മുനമ്പം ഡിവൈഎസ്.പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിഐജി ആവശ്യപ്പെട്ടിട്ടുണ്ട്.

മൊഫിയ പര്‍വീണിന്റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോണ്ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അല്‍ അമീന്‍,അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്റെ വിവാദമായ പരാമര്‍ശമുണ്ടായത്.

പരാതി നല്‍കി ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതെ മൊഫിയയെ ആത്മഹത്യയിലേക്ക് തള്ളിയിട്ട സിഐയെ സസ്‌പെന്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആലുവ സ്റ്റേഷന്‍ ഉപരോധിച്ചത്. സ്റ്റേഷനില്‍ തന്നെ ഉണ്ടുറുങ്ങി എം പിയും എംഎ് എമാരും അടക്കം നടത്തിയ സമരം സിഐക്ക് സസ്‌പെന്‍ഷന്‍ കിട്ടിയതോടെ മൂന്നാം നാള്‍ വിജയം കാണുകുയം ചെയ്തു. സമരം അവസാനിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് സമരമുഖത്ത് സജീവമായിരുന്ന കെ.എസ്.യു നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി പൊലീസ് സംശയം പ്രകടിപ്പിച്ചത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →