മൊഫിയയുടെ ആത്മഹത്യ:സുഹൈലിന് വധുവായി ഡോക്ടര്‍ വേണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹമെന്ന് അന്വേഷണ സംഘം

MOFIYA
-

ആലുവ>> മൊഫിയയുടെ ആത്മഹത്യയെ തുടര്‍ന്ന് അറസ്റ്റിലായ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന് വധുവായി ഡോക്ടര്‍ വേണമെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെന്ന് അന്വേഷണ സംഘം. നിക്കാഹിന് ശേഷവും ഡോക്ടറല്ലാത്തതിന്റെ പേരില്‍ മൊഫിയയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആലുവ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി. രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.


സുഹൈലിന്റെ പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. മൊഫിയയുടെ ശബ്ദസന്ദേശങ്ങളാണ് സംഘം പരിശോധിച്ചത്. തനിക്ക് വിവാഹത്തിനുശേഷം ലഭിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങളെപ്പറ്റി മൊഫിയ ഭര്‍ത്താവ് സുഹൈലിനോട് നിരവധി ശബ്ദസന്ദേശങ്ങളിലൂടെ അറിയിക്കുന്നുണ്ട്. എന്നാല്‍, ഇതിനൊന്നും വ്യക്തമായ മറുപടി സുഹൈല്‍ നല്‍കുന്നില്ല.
മൊഫിയയെ ഒഴിവാക്കി വേറെ കല്യാണം നടത്താന്‍ സുഹൈലും മാതാപിതാക്കളും നീക്കം നടത്തിയിരുന്നു. വീട്ടിലേക്ക് മടങ്ങിയ മൊഫിയയെ ഒത്തുതീര്‍പ്പിന്റെ പേരില്‍ സുഹൈല്‍ ആലുവ ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റി വഴി ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. എന്നാല്‍, ചര്‍ച്ച മുഴുമിപ്പിക്കാതെ സുഹൈല്‍ ഇറങ്ങിപ്പോയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കേസിലെ പ്രതികളായ ഭര്‍ത്താവ് സുഹൈല്‍, ഭര്‍തൃമാതാവ് റുഖിയ, ഭര്‍തൃപിതാവ് യൂസഫ് എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →