ഇന്ത്യയെ മുഴുവന്‍ ബന്ധിപ്പിക്കുന്ന ഗതാഗത-വാണിജ്യസഞ്ചാരപാത-വാര്‍ത്താവിതരണ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

web-desk -

ന്യൂഡല്‍ഹി>>> ഇന്ത്യയെ മുഴുവന്‍ ബന്ധിപ്പിക്കുന്ന ഗതാഗത-വാണിജ്യസഞ്ചാരപാത-വാര്‍ത്താവിതരണ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഗതിശക്തി പദ്ധതി ബുധനാഴ്ച നരേന്ദ്രമോദി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. പദ്ധതിയുടെ ദേശീയ മാസ്റ്റര്‍ പ്ലാനാണ് സമര്‍പ്പിക്കുന്നത്. 2024-25 വര്‍ഷത്തോടെ അടിസ്ഥാന സൗകര്യവികസനത്തിലും എല്ലാ സംസ്ഥാനങ്ങളെ ബന്ധപ്പെടുത്തുന്ന വിവിധ വകുപ്പുകളുടെ ഏകോപനമാണ് പൂര്‍ത്തീകരിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രണ്ടു ലക്ഷം കിലോ മീറ്റര്‍ ദേശീയ പാതയുടെ വികസനം, 16 ദശലക്ഷം ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന തീവണ്ടികള്‍, ഗ്യാസ്പൈപ്പ് ലൈന്‍ ഇരട്ടിപ്പിച്ച് 35,000 കിലോമീറ്റര്‍ ആക്കല്‍, 220 വിമാനത്താവളങ്ങളും എയര്‍സ്ട്രിപ്പുകളും, പതിനൊന്ന് വ്യവസായ ഇടനാഴികളിലൂടെ 25000 ഏക്കര്‍ പ്രദേശത്തെ വികസനം,പ്രതിരോധ രംഗത്ത് 1.7 ദശലക്ഷം കോടിയുടെ വിറ്റുവരവ്,38 ഇലട്രോണിക്സ് നിര്‍മ്മാണ ക്ലസ്റ്ററുകള്‍, 109 മരുന്നുനിര്‍മ്മാണ ക്ലസ്റ്ററുകള്‍ എന്നിവയാണ് പ്രഥമഘട്ടത്തില്‍ പ്രഖ്യാപിക്കുക.

കര-നാവിക-വ്യോമ മേഘലയിലെ എല്ലാ ചരക്ക് നീക്കങ്ങളും സാമ്പത്തിക മേഖലയിലെ വികസനവും ഒറ്റ പ്ലാറ്റ്ഫോമിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 2024ല്‍മുപ്പത്തിയഞ്ച് ലക്ഷം ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വവര്‍ക്ക് സ്ഥാപിക്കുമെന്നും പദ്ധതി രേഖയിലുണ്ട്.

2014-15 വര്‍ഷത്തെ നേട്ടങ്ങള്‍, 2020-21 ഇതുവരെയുള്ള മുന്നേറ്റങ്ങള്‍, 2024-25 വരെയുള്ള ആസൂത്രണം എന്നിവ പ്രധാനമന്ത്രി അവതരിപ്പിക്കും. 16 കേന്ദ്ര മന്ത്രാലയങ്ങളുടെ സംയുക്തപങ്കാളിത്തത്തോടെയാണ് വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണം സാദ്ധ്യമാക്കുന്നത്.