കേസെടുത്തത് ദുര്‍ബല വകുപ്പുകളില്‍; പഞ്ചാബ് ഡിജിപിക്ക് കേന്ദ്രത്തിന്റെകാരണം കാണിക്കല്‍ നോട്ടീസ്

-

ദില്ലി>>പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍, ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് പഞ്ചാബ് പൊലീസ് കേസെടുത്തത്. ഇത് 200 രൂപ പിഴ ചുമത്താനുള്ള വകുപ്പ് മാത്രമാണ്. ഇക്കാര്യത്തില്‍ പഞ്ചാബ് ഡിജിപിക്ക് കേന്ദ്രസര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

അതേസമയം, കോടതി മേല്‍നോട്ടത്തിലെ അന്വേഷണത്തോട് യോജിക്കണോ എന്ന് കേന്ദ്രം ഇന്ന് തീരുമാനിച്ചേക്കും. ഇന്ന് നിലപാട് അറിയിച്ചുള്ള സത്യവാങ്മൂലം നല്‍കാമെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ കോടതിയെ അറിയിച്ചത്.

എന്‍ഐഎ അന്വേഷണം എന്ന വാദം കേന്ദ്രം ആവര്‍ത്തിക്കാനാണ് സാധ്യത. കോടതി മേല്‍നോട്ടത്തിലെ അന്വേഷണത്തോട് യോജിപ്പെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.

സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. തെളിവുകള്‍ സംരക്ഷിക്കാനും കോടതിയുടെ നിര്‍ദ്ദേശമുണ്ട്. സുരക്ഷ വീഴ്ച സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സമതിയെ സുപ്രീം കോടതിക്ക് തീരുമാനിക്കാമെന്നും പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പഞ്ചാബ് രജിസ്ട്രാര്‍ ജനറല്‍ രേഖകള്‍ സൂക്ഷിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →