യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ അധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യന്‍ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജി ഇ ആർ -

ന്യൂഡല്‍ഹി: യുഎന്‍ സുക്ഷാ കൗണ്‍സിലിലെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷ പദവി ഇന്ത്യക്ക്. ഓഗസ്റ്റ് 9ന് ഓണ്‍ലൈനായി നടക്കുന്ന സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പ്രധാവനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. 75 വര്‍ഷത്തിനിടെ ആദ്യമായാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യയില്‍ നിന്നൊരു നേതാവ് അധ്യക്ഷനാകുന്നത്.

രാജ്യത്തെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരവും നേട്ടവുമാണിതെന്ന് യുഎന്നിലെ ഇന്ത്യയിലെ മുന്‍ സ്ഥിരം ക്ഷണിതാവ് സെയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജൂലൈ മാസത്തില്‍ അധ്യക്ഷത വഹിച്ചിരുന്നത് ഫ്രാന്‍സായിരുന്നു.

ഇന്ത്യയ്ക്ക് സ്ഥാനം ലഭിച്ചതില്‍ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനായ്ന്‍ അഭിനന്ദനം അറിയിച്ചു. ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫ്രാന്‍സില്‍ നിന്ന് അധ്യക്ഷ പദവി ഏറ്റെടുത്ത യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ടി എസ് തിരുമൂര്‍ത്തി ഫ്രഞ്ച് പ്രതിനിധിക്ക് നന്ദി അറിയിച്ചു. അന്തരാഷ്ട്ര സുരക്ഷ, സമധാനം എന്നിവയിലേക്ക് വലിയ സംഭവനകളുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.