സിനിമയല്ല, ഇത് ‘മിന്നല്‍ മുരളി’; മിന്നലടിച്ചിട്ടും മരിക്കാത്ത വ്യക്തി

-

ജക്കാര്‍ത്ത>>മലയാളികളുടെ ആദ്യ സൂപ്പര്‍ ഹീറോയായ മിന്നല്‍ മുരളി ജനഹൃദയം കീഴടക്കിയിരിക്കുകയാണ്. മിന്നലടിച്ച് സൂപ്പര്‍ പവറുകള്‍ കിട്ടുന്ന രണ്ട് കഥാപാത്രങ്ങളുടെ കഥ പറയുന്ന സിനിമ ഇപ്പോള്‍ നവമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിക്കഴിഞ്ഞു.

എന്നാല്‍ ശരിക്കും ഒരാള്‍ക്ക് മിന്നലടിച്ചാല്‍ എന്തായിരിക്കും അവസ്ഥ? മിന്നലടിച്ച് അത്ഭുതകരമായി രക്ഷപ്പെട്ട ഒരാളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഇന്റോണേഷ്യയിലെ ജക്കാര്‍ത്തയിലാണ് ഇത് സംഭവിച്ചത്. ഒരു കമ്പനിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ 35 കാരനാണ് അപ്രതീക്ഷിതമായി മിന്നലടിച്ചത്. ജോലിക്കിടെ മഴയത്ത് കുടപിടിച്ച് പോകുമ്പോഴാണ് ഇയാള്‍ക്ക് മിന്നലേറ്റത്. ഇതിന് പിന്നാലെ യുവാവ് നിലത്ത് വീണു. യുവാവിന് മിന്നലേല്‍ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി കാണാം.

മിന്നലേറ്റ് യുവാവ് താഴെ വീണതോടെ സഹപ്രവര്‍ത്തകരെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ കൈയ്ക്ക് പൊള്ളലേറ്റിട്ടുണ്ടെങ്കിലും മറ്റ് പരിക്കുകള്‍ ഒന്നുംതന്നെയില്ലെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത യുവാവ് വീട്ടില്‍ നിരീക്ഷണത്തിലാണ്.

യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന വാക്കി ടോക്കി കാരണമാണ് മിന്നലേറ്റതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മിന്നലേറ്റയാള്‍ മരിച്ചില്ല എന്നത് ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്. പുതിയ മിന്നല്‍ മുരളി എന്ന പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →