വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കും; രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

രാജി ഇ ആർ -

തിരുവനന്തപുരം>>>സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജനപക്ഷത്ത് നില്‍ക്കുമ്പോള്‍ സമരം നടത്തേണ്ടി വരുമെന്നും, കേസുകള്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് സഭയില്‍ നടന്നതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന യുഡി എഫ് ആവശ്യപ്പെട്ടു.

നിയമസഭാ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. നിയസമഭയിലെ അക്രമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും, കേസില്‍ പ്രതിപ്പട്ടികയിലുള്ള മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രി ഇപി ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എംഎല്‍എയുമായ കെടി ജലീല്‍, മുന്‍ എംഎല്‍എമാരായ സികെ സദാശിവന്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.