മന്ത്രി രാധാകൃഷ്ണന്റെ ഓഫീസിലേക്ക് ഫോണില്‍ ഭീഷണി, പ്രതി അറസ്റ്റില്‍

web-desk -

തിരുവനന്തപുരം>>>മന്ത്രി കെ രാധാകൃഷ്ണന്റെ ഓഫീസില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍. കാച്ചാണി സ്വദേശി അജിത്താണ് അറസ്റ്റിലായത് . പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകളില്‍ ചിലതിനൊപ്പം ഒരു ദളിത് സംഘടനയുടെ ശുപാര്‍ശകത്ത് കണ്ടത് ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, അപേക്ഷകള്‍ സ്വീകരിച്ചതായും ഇടനിലക്കാരന്റെ ശുപാര്‍ശ ആവശ്യമില്ലെന്നും അപേക്ഷകര്‍ക്ക് മറുപടി കത്ത് അയച്ചു.

ഇതില്‍ പ്രകോപിതനായാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നയാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സ്വയം പരിചയപ്പെടുത്തിയായിരുന്നു സംസാരം. പലവട്ടം വിളിച്ച് അസഭ്യം പറഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന പൊലീസിനെ അറിയിക്കുകയായിരുന്നു.