ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലില്‍ ചാര്‍ത്തി, എനിക്കവരുമായി ഒരു ബന്ധവും ഇല്ല; പ്രതികരിച്ച് രാജീവ് ഗോവിന്ദന്‍

രാജി ഇ ആർ -

നടനും എംഎല്‍എയുമായ മുകേഷും മേതില്‍ ദേവികയും വിവാഹ മോചിതരാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിര്‍മാതാവ് രാജീവ് ഗോവിന്ദന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. കാരണം എന്താണെന്നല്ലേ? ദേവികയുടെ മുന്‍ ഭര്‍ത്താവ് രാജീവ് നായര്‍ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടുത്തിരിക്കുകയാണ് അദ്ദേഹം.

ഇപ്പോഴിതാ താനുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകളോട് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് രാജീവ്.ദേവികയുടെ പുത്രന്റെ പിതൃത്വം തന്റെ ചുമലില്‍ ചാര്‍ത്തി, അവരുടെ ഭര്‍ത്താവ് താനല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആ രാജീവ് നായര്‍ ഞാനല്ല…
മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് രാജീവ് നായര്‍ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ‘ലൗവ് റീല്‍സ്’ എന്നൊരു ഓണ്‍ലൈന്‍ മാധ്യമം ഈ വാര്‍ത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അദ്ധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല.

എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതില്‍ ദേവികയ്ക്ക് ചാര്‍ത്തി നല്‍കി. ഭാവനാസമ്ബന്നമായ കഥകള്‍ ചമച്ചു. എന്ത് മാധ്യമ പ്രവര്‍ത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനം.

ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതില്‍ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലില്‍ ചാര്‍ത്തി.

എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭര്‍ത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ ‘രാജീവ് ‘മാരും ഒന്നല്ല.

വാര്‍ത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാര്‍ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ലൗറീല്‍സ് പിന്‍വലിക്കുക. നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

രാജീവ് ഗോവിന്ദന്‍