ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ ലയണല്‍ മെസ്സി കൊള്ളയടിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. പാരിസില്‍ മെസ്സി താമസിക്കുന്ന ഹോട്ടലിലെ മുറിയില്‍ കയറിയാണ് കള്ളന്മാര് പണവും വിലപിടിപ്പുള്ള ആഭരണങ്ങളും മോഷ്ടിച്ചത്.
പിഎസ്ജിയുടെ ചാമ്ബ്യന്‍സ് ലീഗ് മത്സരത്തിന് ശേഷം മെസ്സി റൂമിലേക്ക് തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പാരിസിലെ ഈ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് മെസ്സി ഭാര്യയ്ക്കും തന്റെ മൂന്ന് മക്കള്‍ക്കുമൊപ്പം താമസിക്കുന്നത്.
പ്രമുഖ ബ്രിട്ടീഷ് പത്രമായ ദി സണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, മോഷ്ടാക്കള്‍ ഹോട്ടലിന്റെ മേല്‍ക്കൂര പൊളിച്ച് അകത്തുകയറിയതിന് ശേഷം ബാല്‍ക്കണിയിലൂടെ മെസ്സിയുടെ റൂമിലേക്ക് കടക്കുകയും തുടര്‍ന്ന് 40,000 ഡോളര്‍ (ഏകദേശം 30 ലക്ഷം രൂപ) വിലമതിക്കുന്ന ആഭരണങ്ങളും, 15,000 ഡോളര്‍ (ഏകദേശം 12 ലക്ഷം രൂപ) മോഷ്ടിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. സംഭവത്തില്‍ കേസ് എടുത്ത ലോക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘ഹോട്ടലില്‍ നടന്ന കവര്‍ച്ച ശ്രമത്തെ കുറിച്ച് പോലീസ് കാര്യമായി അന്വേഷിക്കുന്നുണ്ട്. ഹോട്ടലില്‍ നിന്നും ലഭിക്കുന്ന തെളിവുകള്‍ വെച്ച് സ്ഥിരമായി മോഷണം നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന വിവരമാണ് ലഭിക്കുന്നത്.’ – പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഈ സീസണില്‍ സ്പാനിഷ് ക്ലബായ ബാഴ്സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയ താരം പാരിസിലെ കോടീശ്വരന്മാര് താമസിക്കുന്ന ലെ റോയല്‍ മോണ്സ്യുവിലാണ് താമസിക്കുന്നത്. പാരിസിലെ ഈ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുവാന്‍ പ്രതിദിനം 23000 യുഎസ് ഡോളറാണ് (ഏകദേശം 18 ലക്ഷം രൂപ) മെസ്സി നല്‍കുന്നത്.
അതേസമയം, മെസ്സി ഈ ഹോട്ടല്‍ വിട്ട് പുതിയ ഒരു വീട്ടിലേക്ക് താമസം മാറ്റുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മെസ്സി തന്റെ ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പം ലീസില്‍ എടുത്തിരിക്കുന്ന ഈ വീട്ടിലേക്ക് താമസം മാറാന്‍ ഒരുങ്ങിയതായും സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, പുതിയ തട്ടകമായ പിഎസ്ജിയിലും ഗോള്‍വേട്ടക്ക് തുടക്കമിട്ടിരിക്കുകയാണ് ലയണല്‍ മെസ്സി. ചാമ്ബ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായിരുന്നു ഫ്രഞ്ച് ക്ലബിനായി മെസിയുടെ ആദ്യ ഗോള്‍. മത്സരത്തില്‍ പി എസ് ജി സിറ്റിയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്തു. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് സെമിയിലേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ പിഎസ്ജിക്കായി.
Follow us on