മെഡല്‍ നേട്ടത്തിന് പിന്നാലെ പീസ കഴിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി മീരാഭായ്, ആജീവനാന്തം ഫ്രീയായി നല്‍കുമെന്ന് ഡോമിനോസ്

രാജി ഇ ആർ -

ടോക്യോ ഒളിമ്ബിക്സില്‍ ഭാരദ്വോഹനത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ മെഡല്‍ പട്ടികയിലേക്ക് ആദ്യത്തെ നേട്ടം കൊണ്ടുവന്നിരിക്കുകയാണ് മീരാഭായ് ചാനു. 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.

ഈ നേട്ടത്തിലൂടെ ഭാരോദ്വഹനത്തില്‍ 21 വര്‍ഷത്തോളമായി ഒരു മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കൂടി താരത്തിന് കഴിഞ്ഞു. 2000ലെ സിഡ്നി ഒളിമ്ബിക്‌സില്‍ കര്‍ണം മല്ലേശ്വരി വെങ്കല മെഡല്‍ നേടിയതിന് ശേഷം നടന്ന ഒളിമ്ബിക്സുകളില്‍ ഇന്ത്യക്ക് ഈ ഇനത്തില്‍ മെഡല്‍ ഒന്നും ലഭിച്ചിരുന്നില്ല.

മെഡല്‍ നേട്ടത്തിന് ശേഷം സന്തോഷം അടക്കിപ്പിടിക്കാന്‍ സാധിക്കാതിരുന്ന ചാനു ആദ്യം തന്റെ പരിശീലകനെ ആലിംഗനം ചെയ്തു. പിന്നെ ചെറുതായി ചുവടുവെച്ച ശേഷമാണ് വിജയപീഠത്തിലേറി മെഡല്‍ കഴുത്തിലണിഞ്ഞത്. തന്റെ ഇഷ്ട വിഭവമായ ‘പീസ’ കഴിച്ച് വിജയം ആഘോഷിക്കുമെന്നായിരുന്നു ചാനുവിന്റെ ആദ്യ പ്രതികരണം. ‘ഒരു പീസ കഴിച്ചിട്ടാകാം ഇനി എന്തും. എനിക്ക് പീസ വളരേ ഇഷ്ടമാണ്. എന്നാല്‍ ഏറെ നാളായി ഒന്ന് കഴിച്ചിട്ട്’- മെഡല്‍ സന്തോഷം പങ്കു വെച്ച് സംസാരിക്കാവെ ചാനു എന്‍ ഡി ടി വിയോട് പറഞ്ഞു.

മീരാഭായ് തന്റെ ഇഷ്ട വിഭവം പരസ്യമാക്കിയതിന് തൊട്ടുപിന്നാലെ ആജീവനാന്തം ചാനുവിന് പീസ ഓഫര്‍ ചെയ്തിരിക്കുകയാണ് ഡോമിനോസ് ഇന്ത്യ. ‘അവര്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടു, പീസ കഴിക്കാന്‍ ചാനു ഇനി കാത്തിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് ആജീവനാന്തം ഡോമിനോസ് പീസ ഞങ്ങള്‍ സൗജന്യമായി നല്‍കും’-കമ്പനി തൊട്ടുപിന്നാലെ ട്വീറ്റ് ചെയ്തു.