സംസ്ഥാനത്ത് എംഡിഎംഎ എന്ന അതിമാരക മയക്കുമരുന്നിന്റെ ഒഴുക്ക്

കൊച്ചി>>സംസ്ഥാനത്ത് എംഡിഎംഎ എന്ന അതിമാരക മയക്കുമരുന്നിന്റെ കുത്തൊഴുക്ക്.അതിന്റെ ഏറ്റവും ഒടുവിലത്തേതാണ് ആലുവയിലെ ലഹരിവേട്ട.

ഓരോ ദിവസവും എംഡിഎംഎയുമായി പിടിയിലാകുന്ന ഒരു കേസെങ്കിലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒറ്റതവണത്തെ ഉപയോഗം കൊണ്ട് തന്നെ അടിമയായി പോകുന്ന അതിമാരക മയക്കുമരുന്നാണ് എംഡിഎംഎയെന്ന് വിദഗ്ദ്ധര്‍ പറയുന്നത്.

എക്സ്റ്റസി, മോളി, എക്സ് തുടങ്ങി വിവിധ പേരുകളിലാണ് ഇത് അറിയപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ആലുവയില്‍ നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ സിന്തറ്റിക് ലഹരിമരുന്ന് വേട്ടയായിരുന്നു. പാനിപ്പൂരി, ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകളിലാക്കി കടത്തിക്കൊണ്ടു വരികയായിരുന്ന ഏകദേശം മൂന്നു കോടിയോളം വരുന്ന 3 കിലോ എംഡിഎംഎയാണ് എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടിയത്.

ആലുവ റെയില്‍വേ സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശികളായ സൈനുലാബുദീന്‍ (23), രാഹുല്‍ സുഭാഷ് (27) എന്നിവരെ കസ്റ്റഡിയിലെടുത്തു. മംഗള- ലക്ഷദ്വീപ് എക്‌സ്പ്രസ് ട്രെയിനില്‍ ഡല്‍ഹിയില്‍നിന്നു കൊണ്ടുവരികയായിരുന്ന ലഹരിയാണു പിടിച്ചെടുത്തത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന രാസ ലഹരിമരുന്നായ മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ എന്ന എംഡിഎംഎ എത്തിച്ചത് കൊച്ചിയിലെയും തൃശൂരിലെയും പുതുവത്സര പാര്‍ട്ടികള്‍ക്ക് വേണ്ടിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

0.5 ഗ്രാം മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ കയ്യില്‍ സൂക്ഷിക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. 10 ഗ്രാം കയ്യില്‍ വയ്ക്കുന്നത് വില്‍പനയ്ക്ക് വയ്ക്കുന്ന തരത്തിലുള്ള ഗുരുതര കുറ്റകൃത്യവുമാണ്. ഉറക്കില്ലായ്മ മുതല്‍ തലച്ചോറിനെയും നട്ടെല്ലിനെയും വരെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള അസുഖങ്ങള്‍ എംഡിഎംഎയുടെ നിരന്തര ഉപയോഗമൂലമുണ്ടാകാം.

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതും, ഇന്ത്യയില്‍ നിര്‍മിക്കുന്നതുമായ എംഡിഎംഎയാണ് കേരളത്തിലേക്ക് അതിര്‍ത്തി കടന്ന് എത്തുന്നത്. എക്‌സൈസും പൊലീസിന്റെ നര്‍കോട്ടിക് വിഭാഗവും കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും ഡയോക്‌സി മെത്തഫിറ്റമിന്റെ വിപണനവും ലഭ്യതയും കുറയ്ക്കാന്‍ സാധിക്കുന്നില്ല.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →