മ്യാന്‍മര്‍ സൈന്യത്തിന്റെ കൊടുംക്രൂരത; കൂട്ടക്കൊലയില്‍ മരിച്ച 35 ലധികം പേരുടെ മൃതദേഹങ്ങള്‍ കൂടിയിട്ട് കത്തിച്ചു

-

തായ്‌ലന്റ്>>തായ്‌ലന്റിലേക്ക് പലായനം ചെയ്യാന്‍ ശ്രമിച്ച മ്യാന്‍മര്‍ പൗരന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് സൈന്യം. കൂട്ടക്കൊലയില്‍ മരിച്ച 35 ലധികം പേരുടെ മൃതദേഹങ്ങള്‍ കൂടിയിട്ട് കത്തിച്ചു. മ്യാന്‍മര്‍ സൈന്യത്തിന്റെ നിഷ്ഠൂരതയ്‌ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനം ശക്തമാകുകയാണ്.
സ്വയംഭരണം വേണമെന്നാവശ്യപ്പെടുന്ന കയാ സംസ്ഥാനത്തെ ജനതക്ക് നേരെയാണ് മ്യാന്‍മര്‍ സൈന്യം വെടിയുതിര്‍ത്തത്. തായ്‌ലാന്റുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് നിന്ന് ആയിരക്കണക്കിന് പേരാണ് മ്യാന്‍മറിന്റെ ഭരണം സൈന്യം പിടിച്ചെടുത്തതോടെ പലായനം ചെയ്യുന്നത്.

തായ്‌ലന്റിലേക്ക് തുടരുന്ന പലായനം അവസാനിപ്പിക്കാന്‍ വ്യോമാക്രമണവും വെടിവെപ്പും സംഘടിപ്പിക്കുകയാണ് മ്യാന്‍മര്‍ സൈന്യം ചെയ്തത്. കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരുമുള്‍പ്പെടെ 35ലധികം പേര്‍ ക്രിസ്തുമസ് ദിനത്തില്‍ നടന്ന കൂട്ടക്കൊലയില്‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

എന്നാല്‍ 60ഓളം പോര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രുസോ നഗരത്തിനടുത്തുള്ള മോ സോ ഗ്രാമത്തില്‍ അരങ്ങേറിയ കൂട്ടക്കുരുതിക്ക് ശേഷം സൈന്യം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.

കയാ സംസ്ഥാനത്തിന്റെ സ്വയംഭരണം ആവശ്യപ്പെടുന്ന കരേന്നി പ്രതിരോധസേന സൈന്യത്തിന്റെ കൂട്ടക്കൊലയ്‌ക്കെതിരെ രംഗത്തുവന്നു. വിമതസംഘടനയിലെ അംഗങ്ങളെയല്ല, സിവിലിയന്‍സിനെയാണ് സൈന്യം കൊന്നുതള്ളിയതെന്ന് അവര്‍ വിശദീകരിച്ചു.
എന്നാല്‍, തോക്കുധാരികളായ തീവ്രവാദികളെയാണ് കൊല ചെയ്യേണ്ടിവന്നതെന്നാണ് മ്യാന്‍മര്‍ സൈന്യത്തിന്റെ വാദം. കൊലയെ അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തുവന്നു. വിശദവും സുതാര്യവുമായ അന്വേഷണം യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ആങ് സാന്‍ സൂചി സര്‍ക്കാരിന് നേരെ നിരവധി മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ വിമര്‍ശനമുയര്‍ന്നുവന്നിരുന്നു. റോഹിംഗ്യന്‍ അഭയാര്‍ത്ഥി വിഷയത്തിലും മറ്റും ജനാധിപത്യസര്‍ക്കാരിന്റെ ചെയ്തികള്‍ മനുഷ്യത്വഹീനമായിരുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍, ഈ വര്‍ഷം ഫെബ്രുവരിയില്‍ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്തതിന് ശേഷം മ്യാന്‍മറിലെ ജനജീവിതം കൂടുതല്‍ ദുഃസഹമാകുന്നുവെന്നാണ് വിവരം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →