മാവേലി എക്സ്പ്രസില്‍ എഎസ്ഐ ബൂട്ടിട്ട് ചവിട്ടിയ പൊന്നന്‍ ഷമീര്‍ കസ്റ്റഡിയില്‍; പിടിയിലായത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി

-

കോഴിക്കോട്: ട്രെയിനില്‍ എഎസ്ഐ മര്‍ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്ത പൊന്നന്‍ ഷമീര്‍ പോലീസ് കസ്റ്റഡിയില്‍.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കോഴിക്കോട് നിന്നാണ് കണ്ടെത്തിയത്. ഇപ്പോഴുള്ള കേസുകളിലെല്ലാം ജാമ്യത്തിലാണ് ഷമീര്‍. പോലീസ് കസ്റ്റഡിയിലായ ഷമീറിനെ കണ്ണൂരിലേക്ക് കൊണ്ടുപോകും. ട്രെയിനിലെ സംഭവത്തില്‍ ആരും തന്നെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല.

പൊന്നന്‍ ഷമീറിനെ ബൂട്ടിട്ട് ചവിട്ടി ട്രെയിനില്‍ നിന്ന് പുറത്താക്കിയ എഎസ്ഐ പ്രമോദിനെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാള്‍ പീഡന ശ്രമം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് വ്യക്തമായത്. ഇയാള്‍ മദ്യപിച്ചാണ് യാത്രചെയ്തതെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്ത ഷമീറിനെ, സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റിലേക്ക് പരിശോധനയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടി പുറത്താക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വടകര സ്റ്റേഷനില്‍ ഷമീറിനെ ഇറക്കിവിട്ടു. മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് സംഭവമുണ്ടായത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മാവേലി എക്‌സ്പ്രസില്‍ പൊലീസ് മര്‍ദ്ദിച്ച് അവശനാക്കി വടകര സ്റ്റേഷനില്‍ ഇറക്കി വിട്ട യാത്രക്കാനെ ഇന്നലെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ സ്ത്രീ പീഡനം, മോഷണം ഉള്‍പ്പെടെ അഞ്ചു കേസിലെ പ്രതിയാണ് ഇയാള്‍ എന്നും പോലീസ് പറയുന്നു. ഫോട്ടോ കണ്ട ബന്ധുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്.

ഞായറാഴ്ച രാത്രി വടകര സ്റ്റേഷനില്‍ എഎസ്ഐ ചവിട്ടി ഇറക്കിയ യാത്രക്കാരന് വേണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സിസിടിവികള്‍ പൊലീസ് പരിശോധിച്ചിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ല്‍ വ്യാപക അന്വേഷണവും നടത്തി. മര്‍ദ്ദനത്തില്‍ അവശനായ ഇയാളുടെ ആരോഗ്യ നില സംബന്ധിച്ചും ആശങ്കയുണ്ടായിരുന്നു. ബൂട്ടുകൊണ്ട് യാത്രക്കാരനെ നെഞ്ചില്‍ ചവിട്ടിയതിന് സസ്‌പെന്‍ഷനിലായ എഎസ്ഐ എംസി പ്രമോദിനെതിരെ വിശദ അന്വേഷണം നടത്തും.

ട്രെയിനില്‍ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതിനാണ് ഇറക്കിവിട്ടതെന്നാണ് പോലീസുകാരന്റെ വാദം. എങ്കില്‍ എന്ത് കൊണ്ട് വൈദ്യ പരിശോധന നടത്തുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തില്ല എന്ന ചോദ്യമാണ് അന്വേഷണ സംഘം ഉയര്‍ത്തിയത്. ഇതില്‍ വ്യക്തത വരാന്‍ എസ്ടു കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടത്തും. അതേസമയം ട്രെയിന് അകത്തുണ്ടായ സുരക്ഷ വീഴ്ച സംബന്ധിച്ച് ആര്‍പിഎഫും പാലക്കാട് ഡിവിഷനും അന്വേഷണം നടത്തും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →