LOADING

Type to search

പ്രശ്‌ന പരിഹാരത്തിന് വ്യാജ മനുഷ്യാവകാശ കമ്മീഷന്‍; ഒറ്റ ദിവസം എത്തിയത് 12 പരാതികള്‍; തട്ടിപ്പുകാരെ കയ്യോടെ പൊക്കി സ്ഥാപനം പൂട്ടിച്ച്‌ പൊലീസ്

News

കോഴിക്കോട്>>>മനുഷ്യാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ സ്ഥാപനം തുടങ്ങി തട്ടിപ്പു നടത്തിയ സംഘം പൊലീസ് നിരീക്ഷണത്തില്‍. പൊലീസിന് തീര്‍ക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ പോലും ഉടന്‍ പരിഹരിച്ചു നല്‍കുമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ സ്ഥാപനം പൊലീസ് പൂട്ടിച്ചു. കോഴിക്കോട് അനധികൃതമായി പ്രവര്‍ത്തിച്ച സ്ഥാപനം പൊലീസ് പൂട്ടിച്ചു. ഈ തട്ടിപ്പ് സംഘത്തിനെതിരെ പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി.

കോഴിക്കോട് ജില്ലയില്‍ ഒരു ദിവസംകൊണ്ട് ഇവര്‍ക്ക് ലഭിച്ചത് 12 പരാതികളാണ്. പണം വാങ്ങി പ്രശ്നം പരിഹരിക്കുന്നതാണ് ഇവരുടെ രീതി. ‘പ്രശ്നം എന്തായാലും പരിഹാരം ഞങ്ങള്‍ നല്‍കും, കാരണം ഞങ്ങള്‍ ജനപക്ഷത്താണ്’.

കോഴിക്കോട്ടെ സ്ഥാപനത്തിലെത്തിയാല്‍ ഇങ്ങനെയുള്ള സന്ദേശമാണ് ആദ്യം പറയുക. ഇനി ഈ സന്ദേശത്തിന് കാരണം എന്താണന്നല്ലേ? പൊതുജനത്തിനു സര്‍ക്കാരില്‍ നിന്നോ മറ്റെവിടുന്നെങ്കിലുമോ ലഭിക്കേണ്ടതായ ഏതു തരത്തിലുള്ള ആനുകൂല്യങ്ങളും ഞങ്ങള്‍ വഴി നേടിത്തരും ഇതാണ് ആ സന്ദേശത്തിന്റെ ഉള്ളടക്കം.

എരഞ്ഞിപ്പാലം മിനി ബൈപാസിലെ ഐ ട്രസ്റ്റ് ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് വെല്‍ഫെയര്‍ എന്ന പേരിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഏത് തരത്തിലുള്ള പരാതിയും ഇവര്‍ സ്വീകരിക്കും. പരാതി പരിഹരിക്കുന്നതിനു മുന്‍പേ കമ്മിഷന്റെ കാര്യം ആദ്യം പറയും. ശതമാനത്തിലാണ് കമ്മിഷന്‍ ആവശ്യപ്പെടുക. സര്‍ക്കാര്‍ ഓഫിസുകളില്‍ ഈ പരാതി തീര്‍പ്പാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. ഞങ്ങള്‍ ഇടപെട്ട് വേഗത്തില്‍ നടപടി ഉണ്ടാക്കും. ഇതാണ് ഇവര്‍ നല്‍കുന്ന ഉറപ്പ്.

പരാതി സ്വീകരിച്ചാല്‍ പരാതി ഏത് ഡിപ്പാര്‍ട്ട്മെന്റിനെതിരെയാണോ ലഭിച്ചത് ആ വിഭാഗത്തിലെ ഉയര്‍ന്ന ഉന്നത ഉദ്യോഗസ്ഥരെ കണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്ന് പരിചയപ്പെടുത്തും. പരാതി നല്‍കിയിട്ട് നിങ്ങള്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നുമുള്ള പരാതി മനുഷ്യാവകാശ കമ്മിഷന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ വരുന്നതെന്ന് ഇവര്‍ പറയും. ഇതോടെ ഉദ്യോഗസ്ഥര്‍ വേഗത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കും.

പരാതി ഉടന്‍ പരിഹരിച്ചു നല്‍കുന്നതാണ് ഇവരുടെ രീതി. പരാതിക്കാരില്‍ നിന്നും നല്ലൊരു തുക ഇവര്‍ കൈപ്പറ്റുകയം ചെയ്യും. നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പരാതി സ്വീകരിച്ചിരുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. ഇരുകക്ഷികളെയും വിളിച്ചുവരുത്തി പ്രശ്നം തീര്‍പ്പാക്കി അന്യായമായി പണം വാങ്ങുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് പരിശോധന നടത്തിയത്. അന്യായമായി പണം വാങ്ങിയതിനും ആള്‍മാറാട്ടം നടത്തിയതിനും സ്ഥാപനം നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തു.

കുന്നമംഗലം സ്വദേശികളാണ് സ്ഥാപനം നടത്തിപ്പുകാര്‍. ഇവിടെ നിന്ന് രേഖകള്‍ പിടിച്ചെടുത്തു. പണം നഷ്ടപ്പെട്ടവരുടെ മൊഴി എടുത്ത് തുടര്‍നടപടി സ്വീകരിക്കുകയാണ് പൊലീസ്. മനുഷ്യാവകാശത്തിന്റെ പേരു പറഞ്ഞു വ്യാജമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടി എടുക്കുമെന്നു സിറ്റി പൊലീസ് മേധാവി എ.വി.ജോര്‍ജ് പറഞ്ഞു.

കൈപ്പറ്റുന്ന കമ്മിഷന്‍ തുക ഞങ്ങള്‍ക്കല്ല, മറിച്ച് സഹായം ആവശ്യമുള്ള ഒട്ടേറെപ്പേരുണ്ട് അവര്‍ക്ക് നല്‍കാനാണ്. ഇങ്ങനെയുള്ള നുണക്കഥകള്‍ പറഞ്ഞാണ് പലരില്‍നിന്നും പണം വാങ്ങുന്നത്. കടം വാങ്ങിയ തുക തിരിച്ചു നല്‍കാത്തവര്‍ക്ക് പണം വാങ്ങിക്കൊടുക്കുന്ന ഇടപാടില്‍ വലിയ തുകയാണ് കമ്മിഷന്‍ ഇനത്തില്‍ വാങ്ങുന്നത്. പഠിക്കാന്‍ കഴിവില്ലാത്തതും ആരോരും ഇല്ലാത്തവര്‍ക്കും ഈ തുക നല്‍കും. ആവശ്യപ്പെടുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരായതുകൊണ്ടു തന്നെ പരാതിക്കാര്‍ പണവും നല്‍കും.

മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്ന വ്യാജേനെ ഒട്ടേറെപ്പേര്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ തന്നെ പരാതി നല്‍കി. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതിയില്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്ഥാപനം കണ്ടെത്തിയത്. ഇവിടെ നിന്ന് രേഖകള്‍ പരിശോധിച്ച ശേഷം നടപടി സ്വീകിരിക്കും. മറ്റു ജില്ലകളിലും പല സ്ഥലങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.