മണ്ണാര്‍ക്കാട്ട് ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവം; ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

രാജി ഇ ആർ -

പാലക്കാട്>>>മണ്ണാര്‍ക്കാട് ചങ്ങലീരിയില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. റുസ്‌നിയ ജബിന്റെ മരണത്തിലാണ് ഭര്‍ത്താവ് തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫ, പിതാവ് ഹംസ എന്നിവരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ സ്ത്രീധന നിരോധന നിയമം, ഗാര്‍ഹീകപീഢനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും നിരന്തരം പീഡിപ്പിച്ചതാണ് മകളുെട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റുസ്‌നിയയുടെ മാതാപിതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. മുസ്തഫയുടെ സഹോദര ഭാര്യമാര്‍ കൂടുതല്‍ സ്വത്തുമായി വന്നവരാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് പീഡിപ്പിച്ചിരുന്നതായും പൊലീസിന് നല്‍കിയിരുന്നു.

ഗര്‍ഭിണിയായിരുന്ന റുസ്‌നിയ പലതവണ മര്‍ദനത്തിനിരയായിട്ടുണ്ടെന്നും മാതാപിതാക്കള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച മുസ്തഫ ചങ്ങലീരിയിലെ വീട്ടിലെത്തി മടങ്ങിയതിന് പിന്നാലെയാണ് റുസ്‌നിയ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. 2017 നവംബര്‍ അഞ്ചിനായിരുന്നു വെള്ളാരംകുന്ന് സ്വദേശി മുസ്തഫയുമായുള്ള റുസ്‌നിയയുടെ വിവാഹം. ഇവര്‍ക്കു മൂന്നു വയസ്സുള്ള മകളുണ്ട്.