LOADING

Type to search

മംഗളുരു ക്രഷര്‍ തട്ടിപ്പ് കേസ്: പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്

Latest News Local News News

മലപ്പുറം>>> മംഗളുരു ക്രഷര്‍ തട്ടിപ്പ് കേസില്‍ പി വി അന്‍വര്‍ വഞ്ചന നടത്തിയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. ക്രഷറില്‍ പങ്കാളിത്തവും ലാഭ വിഹിതവും നല്‍കാം എന്ന് പറഞ്ഞ് പി വി അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പ്രവാസിയായ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമിന്റെ പരാതി. മഞ്ചേരി സി ജെ എം കോടതിയില്‍ ആണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2011 ഡിസംബറില്‍ ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം പി വി അന്‍വര്‍ വാങ്ങി വഞ്ചിച്ചു എന്ന് ആണ് പരാതി. ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞായിരുന്നു ഇടപാട് എന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് ആണ് 50 ലക്ഷം രൂപ വാങ്ങിയത് എന്നും പരാതിയില്‍ പറയുന്നു.

കേസില്‍ പി.വി അന്‍വര്‍ എം.എല്‍ എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. പണം വാങ്ങിച്ച സമയത്ത് അന്‍വറിന്റെ പേരില്‍ മംഗലാപുരത്ത് സ്ഥലമോ വസ്തുവകകളോ ഉണ്ടായിരുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പി വി അന്‍വറുമായി ഇടപാട് നടത്തിയ കാസര്‍ഗോട് സ്വദേശി കെ. ഇബ്രാഹിമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് റിപ്പോര്‍ട്ട്.

ക്രഷര്‍ സര്‍ക്കാരില്‍ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി. ഇതോടൊപ്പം ക്രഷറിനോട് ചേര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള 1.5 ഏക്കര്‍ ഭൂമിയും കൊറിഞ്ചയിലെ 1.5 ഏക്കര്‍ഭൂമിയും കൈമാറിയതായും മൊഴി നല്‍കിയിട്ടുള്ളത്. പി.വി അന്‍വര്‍ കരാറില്‍ സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷര്‍ എന്ന് പറയുന്നതും ക്രഷര്‍ പാട്ടഭൂമിയിലുള്ളതാണെന്നു വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്ട്യാ വഞ്ചനയാണെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉടന്‍ മംഗലാപുരത്തുപോയി അന്വേഷണം നടത്തുമെന്നും കൂടുതല്‍ രേഖകള്‍ പരിശോധിച്ചും സാക്ഷികളുടെ മൊഴികളെടുത്തും അന്വേഷണം പൂര്‍ത്തീകരിച്ച് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കോടതി അടുത്ത ദിവസം പരിഗണിക്കും. പണം നഷ്ടപ്പെട്ട നടുത്തൊടി സലീം സിപിഐഎമ്മിന് പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല.

കേസ് അന്വേഷിച്ച ലോകല്‍ പോലീസ് അന്വേഷണം വഴി തെറ്റിക്കുന്നു എന്ന് ആരോപിച്ച് സലീം ഹൈകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം ആണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരന്‍ സലീം സമര്‍പ്പിച്ച ഹരജിയിലാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത്. നിലവില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്കായി സിയറ ലിയോണില്‍ തുടരുകയാണ് പി വി അന്‍വര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.