മാനസയ്ക്ക് വെടിയേല്‍ക്കാന്‍ കാരണം സുരക്ഷാ വീഴ്ച; പ്രതികാര ദാഹവുമായി രാഖില്‍ ഒളിച്ചിരുന്ന കഥ അറിഞ്ഞ് ഞെട്ടിയത് നാട്ടുകാര്‍

സ്വന്തം ലേഖകൻ -

കോതമംഗലം>>> നെല്ലിക്കുഴി പഞ്ചായത്തില്‍ താമസിച്ചുവരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെയും പുറമെ നിന്നുള്ള താമസക്കാരുടെയും കണക്കെടുക്കാന്‍ നീക്കം.

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാവും കണക്കെടുപ്പ് പൂര്‍ത്തിയാക്കുക. വാര്‍ഡ് മെമ്പര്‍മാരറിയാതെ പഞ്ചായത്ത് പരിധിയില്‍ പുതിയ താമസക്കാരെത്തുന്നില്ല എന്ന് ഉറപ്പുവരുന്നതിനുള്ള ഇടപെടലുകളും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവും എന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ ഹൗസ്സസര്‍ജ്ജന്‍സി വിദ്യാര്‍ത്ഥിനി മാനസ വെടിയേറ്റ് മരണപ്പെട്ടതാണ് പഞ്ചായത്ത് ഇത്തരത്തിലൊരുനടപടിയിലേയ്ക്ക് നീങ്ങാന്‍ പ്രധാന കാരണമെന്നാണ് സൂചന. മാനസയ്ക്ക് വെടിയേല്‍ക്കാന്‍ കാരണം താമസ്ഥലത്തെ സുരക്ഷ വീഴ്ചയാണെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു.

ഇന്ദിരഗാന്ധി കോളേജ് ചെയര്‍മാന്‍ കെ എം പരീത് ഇക്കാര്യം മാധ്യമങ്ങളുമായി പങ്കിടുകയും ചെയ്തിരുന്നു. കോളേജ് ഹോസ്റ്റലില്‍ സിസി ടിവി ക്യാമറകള്‍ ഉള്‍പ്പെടെ എല്ലാവിധ സുരക്ഷക്രമീകരണങ്ങളും ഉണ്ടെന്നും സെക്യൂരിറ്റിയും വാര്‍ഡനുമറിയാതെ ഇവിടുത്തെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തുകടക്കാനാവില്ലന്നും പരിത് ചൂണ്ടിക്കാട്ടി

കുട്ടികള്‍ ഹോസ്റ്റലില്‍ താമസിക്കാതെ പുറത്ത് മാനസ താമസിച്ചിരുന്നതുപോലുള്ള വീടുകളോടനുബന്ധിച്ചുള്ള വാടക മുറികളിലും മറ്റും താമസിക്കാനാണ് താല്‍പര്യം പ്രകടിപ്പിക്കുന്നതെന്നും ഇതിന് വീട്ടുകാര്‍ പിന്‍തുണ നല്‍കിവരുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. സംഭവം പ്രദേശവാസികളില്‍ സൃഷ്ടിച്ച ഞെട്ടല്‍ ഇനിയും വിട്ടുമാറിയിട്ടില്ല.

ഫര്‍ണ്ണിച്ചര്‍ വ്യവസായ കേന്ദ്രമെന്ന നിലയില്‍ നെല്ലിക്കുഴി രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധിയാര്‍ജ്ജിച്ചു വരവെയാണ് മുന്‍കാമുകന്‍ മാനസയെ വെടിവച്ചിട്ട ശേഷം സ്വയം വെടിയുതുര്‍ത്ത് അത്മഹത്യചെയ്ത സംഭവം ഇവിടെ നിന്നും റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ളത്.

മാനസയുടെ താമസ്ഥലത്തുനിന്നും 50 മീറ്റര്‍ അകലെ തോക്കും സംഘടിപ്പിച്ച്്, പ്രതികാര ദാഹവുമായി രാഖില്‍ തക്കം പാര്‍ത്തിരുന്നു എന്നത് അക്ഷരാര്‍ത്ഥത്തില്‍ ഇവിടുത്തുകാരെ അമ്ബരപ്പിച്ചു.

മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പൂറത്തുവന്നതോടെയാണ് രാഖില്‍ ഇവിടെ താമസിച്ചിരുന്നു എന്ന വിവരംപോലും നാട്ടുകാരറിയുന്നത്. കഴിഞ്ഞമാസം 4 മുതല്‍ രാഖില്‍ ഇവിടെ മുറിയെടുത്തു താമസിച്ചിരുന്നെങ്കിലും ഇയാള്‍ എന്തെങ്കിലും ആവശ്യത്തിനായി തങ്ങളുടെ സ്ഥാപനത്തിലെത്തിയതായി ഇവിടുത്തെ വ്യാപാരികളില്‍ ഒട്ടുമിക്കവര്‍ക്കും ഉറപ്പില്ല.

ഇന്ദിരാഗാന്ധി കോളേജ് ജംഗ്ഷനിലെ കെട്ടിടത്തില്‍ , മുകള്‍ നിലയിലെ മുറിയിലാണ് രാഖില്‍ താമസിച്ചിരുന്നത്. ജനല്‍ തുറന്നിട്ടാല്‍ താഴെ കനാല്‍ റോഡിലെ ആളനക്കം കാണാം. താമസ്ഥലം വിട്ടുള്ള മാനസയുടെ വരവും പോക്കുമെല്ലാം രാഖില്‍ മുറിയിലിരുന്നുതന്നെ വീക്ഷിച്ചിരുന്നു എന്നുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്.

കോളേജ് പ്രവര്‍ത്തനം ആരംഭിച്ചതോടെ പെരിയാര്‍ വാലി കനാലിന്റെ തീരത്ത്, ആലുവ-മൂന്നാര്‍ പാതയില്‍ നിന്നും കഷ്ടി 200 മീറ്ററോളം ദൂരത്തിലായിരുന്നു മാനസ താമസിച്ചിരുന്ന ഇരുനിലവീട് സ്ഥിതിചെയ്യുന്നത്.

കനാല്‍ റോഡിനഭിമുഖമായിട്ടാണ് ഇവിടേയ്ക്ക് പ്രവേശിക്കുന്നതിനുള്ള ഗെയിറ്റ് സ്ഥാപിച്ചിട്ടുള്ളത്. ഇരുനിലകെട്ടിടത്തോട് ചേര്‍ന്നാണ് കെട്ടിട ഉടമയും കുടുംബവും താമസിക്കുന്ന വീട് സ്ഥിതിചെയ്യുന്നത്. വെടിയൊച്ച കേട്ട് ആദ്യം ഓടിയെത്തിയതും ഇവരായിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →