മാനസയുടെ കൊലപാതകം : അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി

രാജി ഇ ആർ -

കോതമംഗലം>>> നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണസംഘത്തിന് പോലീസിന്റെ ഗുഡ് സര്‍വീസ് എന്‍ട്രി. കോതമംഗലം പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ മാഹിന്‍ സലിം, വി.കെ ബെന്നി, സിവില്‍ പോലീസ് ഓഫീസര്‍ എം.കെ.ഷിയാസ്, ഹോംഗാര്‍ഡ് സാജു എന്നിവര്‍ക്കാണ് എറണാകുളം റൂറല്‍ എസ് പി കെ.കാര്‍ത്തിക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്. മാനസയെ കൊലപ്പെടുത്തുന്നതിന് രഖിലിന് തോക്ക് കൈമാറിയ സോനു കുമാര്‍ മോദിയെയും ഇടനിലക്കാരനായ മനീഷ് കുമാറിനെയും ബീഹാറില്‍ എത്തി സംഘം പിടികൂടിയിരുന്നു.

മാനസ വെടിയേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായകമായിരുന്നു എവിടെനിന്നാണ് തോക്ക് ലഭിച്ചതെന്ന വിവരം. തോക്ക് വാങ്ങിയതെങ്കില്‍ ആത്മഹത്യ ചെയ്തിരുന്നതിനാല്‍ ഇത് കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു. ഇതെല്ലാം മറികടന്നാണ് കോതമംഗലം എസ്.ഐ മാഹിയുടെ നേതൃത്വത്തിലുള്ള സംഘം തോക്ക് നല്‍കിയ ആളുകളെ പിടികൂടിയത്.

മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രഖില്‍ ബീഹാര്‍ സന്ദര്‍ശിച്ചതായി ഇയാളുടെ സുഹൃത്തുക്കളില്‍നിന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണസംഘം ബീഹാറിലേക്ക് തിരിച്ചത്. രണ്ടാം തീയതി കേരളത്തില്‍ നിന്ന് പുറപ്പെട്ട സംഘം നാലാം തീയതിയാണ് ബീഹാറില്‍ എത്തിയത്. ബീഹാര്‍ പോലീസുമായി ചേര്‍ന്ന് പട്ടണത്തില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെയുള്ള ടെട്ടിയാവാമ്പര്‍ ഗ്രാമത്തില്‍ എത്തുകയും ഇവിടെ നിന്ന് സംഘം സോനുവിനെ പിടികൂടുകയും ചെയ്തു.

ഓണ്‍ലൈന്‍ മണി ഇടപാട് ആയിരുന്നു സോനു കുമാറിന്. കൂടാതെ വീടിനോട് ചേര്‍ന്ന് സ്റ്റേഷനറിക്കടയും ഉണ്ടായിരുന്നു. കടയില്‍ സാധനങ്ങള്‍ വാങ്ങാനെന്ന രീതിയില്‍ ചെന്നാണ് സോനുവിനെ പോലീസ് പിടി കൂടിയത്. വണ്ടിയില്‍ കൊണ്ടുവരുന്ന വഴിയില്‍ ബൈക്കിലെത്തിയ സംഘം ഇവരെ ആക്രമിക്കുവാനും ശ്രമിച്ചു. സാഹസികമായി ചെറുത്ത് നിന്നാണ് പ്രതിയെ പോലീസ് സ്റ്റേഷനിലെത്തിച്ചത്.

പാറ്റ്നയില്‍ കഴിയുകയായിരുന്ന ഇടനിലക്കാരന്‍ മനീഷിനെ കാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസരിക്കാനെന്ന രീതിയിലാണ് പിടികൂടിയത്.

പ്രതികളെ പിടികൂടുന്നതിന് ബീഹാര്‍ പോലീസിന്റെ ഭാഗത്തുനിന്ന് കേരള പോലീസിന് വലിയ പിന്തുണയാണ് ലഭിച്ചത്. എ.ഡി.ജി.പി വിജയ് സാഖറെ, ഐ.ജി ഹര്‍ഷിതാ അട്ടല്ലൂരി, ഡി.ഐ.ജി നീരജ്കുമാര്‍ ഗുപ്ത എസ്.പി കെ.കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റിനുള്ള പദ്ധതി തയ്യാറാക്കിയത്. ഇവര്‍ നിരന്തരം ബീഹാറിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

സോനു കുമാറിനെയും മനീഷിനെയും ഇന്നലെയാണ് ബിഹാറില്‍ നിന്ന് കോതമംഗലത്ത് എത്തിച്ചത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോതമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. രഖിലിന് തോക്കു നല്‍കിയിരുന്നതായി ഇരുവരും സമ്മതിച്ചതായി പോലീസ് അറിയിച്ചു. തോക്ക് വാങ്ങുന്നതിന് രഖിലിന് കൂടുതല്‍ പേരുടെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.