‘ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് എനിക്കു വേണ്ട’: മന്ത്രിയോട് മമ്മൂട്ടി

രാജി ഇ ആർ -

തിരുവനന്തപുരം>>>ചലച്ചിത്രരംഗത്ത് എത്തിയതിന്റെ അന്‍പത് വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. എന്നാല്‍ തന്റെ പേരിലുള്ള ആഘോഷം കൊവിഡ് കാലത്ത് ഒഴിവാക്കണമെന്നും മമ്മൂട്ടി സര്‍ക്കാരിനെ അറിയിച്ചു. ആദരവിന്റെ കാര്യം അറിയിച്ച് സിനിമാ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഫോണില്‍ വിളിച്ചപ്പോഴാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രിയുടെ വാക്കുകള്‍-

‘മമ്മൂക്കയെ നമ്മള്‍ ആദരിക്കുന്നത് അമ്പത് വര്‍ഷങ്ങളുടെ സഹചര്യത്തില്‍ മാത്രമല്ല. അതിനൊരു സാഹചര്യം ലഭിച്ചപ്പോള്‍ അത് ഉപയോഗപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ അദ്ദേഹം മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിക്കുവാന്‍ തീരുമാനിച്ചത്. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ തുടക്കം കുറിച്ചു. പിന്നീട് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സിനിമയില്‍ സജീവമായി. ഈ അമ്ബത് വര്‍ഷത്തെ വഴികള്‍ക്ക് ഇടയില്‍ ഒരു ഒഴിവ് ഉണ്ടായി എന്നത് നോക്കേണ്ട കാര്യമില്ല. ഒരുപാട് വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും അദ്ദേഹത്തിന് ലഭിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യങ്ങള്‍. അവയെ ജീവിക്കുന്ന കഥാപാത്രണങ്ങളാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഇതിന്റെ ഭാഗമായി ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടി. സംസ്ഥാന സര്‍ക്കാരിന്റെ നിരവധി അവാര്‍ഡുകള്‍, കേരള സര്‍വകലാശാലയുടെയും കാലിക്കറ്റ് സര്‍വകലാശാലയുടെയും ഡോക്ടറേറ്റ്, പിന്നെ എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും പുരസ്‌കാരങ്ങള്‍. ഈ കാലയളവില്‍ ജീവിച്ചിരിക്കുന്ന സിനിമ മേഖലയിലെ പ്രധാനപ്പെട്ട ഒരു വ്യക്തിത്വം എന്ന നിലയില്‍ അദ്ദേഹത്തെ ആദരിക്കാന്‍ ലഭിച്ച ഈ അവസരം തീര്‍ച്ചയായും ഒരു ഭാഗ്യമായാണ് ഞങ്ങള്‍ കാണുന്നത്.

മമ്മൂട്ടിയെ ആദരിക്കുന്നതിനെക്കുറിച്ച് അദ്ദേഹവുമായി ഇന്ന് വിളിച്ച് സംസാരിച്ചു. അദ്ദേഹം ഒരു കാര്യം മാത്രമാണ് പറഞ്ഞത് സാമ്ബത്തികം മുടക്കിയ ഒരു ആദരവും എനിക്ക് വേണ്ട എന്ന് മമ്മൂട്ടി പറഞ്ഞു. ഞാന്‍ പറഞ്ഞു താങ്കളുടെ ആഗ്രഹം അങ്ങനെ ആണെങ്കില്‍ അങ്ങയുടെ സമയം നല്‍കണം എന്ന്. അദ്ദേഹം ചെറിയ ചടങ്ങ് മതിയെന്ന് വീണ്ടും പറഞ്ഞു.

ചെറിയ ചടങ്ങ് ആണെങ്കിലും വലിയ ചടങ്ങ് ആണെങ്കിലും പണം വേണമെന്ന് പറഞ്ഞാലും വേണ്ട എന്ന് പറഞ്ഞാലും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷത്തിന്റെ മുഹൂര്‍ത്തമാണ്. കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവന അത് വളരെ പ്രോഗീസിവ് ആണ്.

വലിയ ആശയങ്ങള്‍ സംഭാവന ചെയ്ത മഹാനായ ഒരു കലാകാരനാണ് അദ്ദേഹം. പ്രത്യേകിച്ച് മതനിരപേക്ഷമായ അന്തരീക്ഷത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശരിക്കും കഥാപാത്രങ്ങളുടെ മാത്രമല്ല വ്യക്തിപരമായും അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്നെ ഉദ്ദാഹരണമായി എടുക്കാം. എന്റെ മനസ്സിലേക്ക് അദ്ദേഹത്തിന്റെ പേര് കടന്നു വരുവാന്‍ ഉണ്ടായ ഒരു കാരണം അതാണ്. കെയര്‍ ആന്‍ഡ് ഷെയര്‍ പ്രൊജക്റ്റ്, വിദ്യാമൃതം പദ്ധതി. തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന ഒരു വ്യക്തിയാണ്’.