വില്‍ക്കാന്‍ വച്ചിരുന്ന മീന്‍ തട്ടിതെറിപ്പിച്ചു, നഗരസഭാ ജീവനക്കാര്‍ക്കെതിരെ പരാതിയുമായി മത്സ്യത്തൊഴിലാളി

web-desk -

തിരുവനന്തപുരം>>>ആറ്റിങ്ങല്‍ നഗരത്തില്‍ മീന്‍ കച്ചവടം നടത്തുകയായിരുന്ന സ്ത്രീയുടെ മീന്‍കുട്ട തട്ടിതെറിപ്പിച്ച് വില്‍പനയ്ക്ക് വച്ചിരുന്ന മീനുകള്‍ നശിപ്പിച്ചതായി പരാതി. അഞ്ചുതെങ്ങ് സ്വദേശിയായ അല്‍ഫോണ്‍സയാണ് ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാര്‍ക്കെതിരെ പരാതിയുമായി വന്നിട്ടുള്ളത്. ആറ്റിങ്ങലിനു സമീപം അവനവഞ്ചേരിയില്‍ വച്ചാണ് സംഭവം. മീന്‍ വില്പന നടത്തികൊണ്ടിരിക്കുമ്‌ബോള്‍ അതു വഴി വന്ന നഗരസഭാ ജീവനക്കാര്‍ മീന്‍കുട്ട തട്ടിതെറിപ്പിക്കുകയായിരുന്നുവെന്ന് അല്‍ഫോണ്‍സ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നും നഗരസഭയുടെ വാഹനത്തില്‍ കയറ്റുന്നതിനിടെയുണ്ടായ ബഹളത്തില്‍ സംഭവിച്ചതാണെന്നും നഗരസഭാ ജീവനക്കാര്‍ പറഞ്ഞു. അല്‍ഫോണ്‍സ മീന്‍ വില്പന നടത്തിയിരുന്നത് നഗരസഭയുടെ അനുമതി ഇല്ലാത്ത സ്ഥലത്തായിരുന്നുവെന്നും ഒരുപാട് തവണ താക്കീതു നല്‍കിയിട്ടും അവിടെ നിന്ന് മാറാന്‍ തയ്യാറായില്ലെന്നും ജീവനക്കാര്‍ പറയുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നഗരസഭാ പരിധിയില്‍ വഴിയോരക്കച്ചവടം നിരോധിച്ചതാണെന്നും സമീപത്തെ ബാങ്കുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മത്സ്യകച്ചവടത്തെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്നും നഗരസഭാ ജീവനക്കാര്‍ വ്യക്തമാക്കി. ഇവിടെ തെരുവുനായകളുടെ ശല്യം വ്യാപകമായതും വഴിയോര മത്സ്യകച്ചവടത്തിനെതിരെ പരാതി ഉയരാന്‍ കാരണമായതായി നഗരസഭാ അധികൃതര്‍ പറഞ്ഞു.