ബംഗളൂരു: മൂന്ന് വര്‍ഷം മുമ്ബ് രാജസ്ഥാനിലെ ജയ്സാല്മറില് നടന്ന ബൈക്ക് റാലിക്കിടെ മരണമടഞ്ഞ മലയാളി റൈഡര്‍ അസ്ബാക്ക് മോന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. അസ്ബാക്ക് മോന്റെ ഭാര്യ സുമേറ പര്‍വേസും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. സുമേറയെ കൂടാതെ സുഹൃത്തുക്കളായ സഞ്ജയ് കുമാര്‍, വിശ്വാസ് എസ് ഡി, നീരജ്, സബിക്, സന്തോഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ സഞ്ജയ് കുമാറിനേയും, വിശ്വാസിനേയും ബംഗളൂരുവിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ എല്ലാം ഒളിവിലാണ്. മുന്‍ വൈരാഗ്യവും വസ്തു തര്‍ക്കവുമടക്കം നിരവധി കാരണങ്ങള്‍ കൊലപാതകത്തിനു പിന്നിലുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
2018ല്‍ ജയ്സാല്മറില് വച്ച് നടന്ന ഇന്ത്യ ബജാ റാലിക്കിടെയാണ് കണ്ണൂര്‍ സ്വദേശിയായ അസ്ബാക്ക് മോന് മരണമടയുന്നത്. പരിശീലനത്തിനിടെ മരുഭൂമിയില്‍ വച്ച് വഴിതെറ്റി വിശപ്പും നിര്‍ജലീകരണവും കാരണം അസ്ബാക്ക് മരണമടഞ്ഞുവെന്നാണ് ഇത്രയും നാള് കരുതിയിരുന്നത്. അസ്ബാക്കിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യ സുമേറ രാജസ്ഥാന് പൊലീസിനു നല്കിയ മൊഴിയില്‍ പരിശീലനത്തിനിടെ ഭര്‍ത്താവിനെ കാണാതായെന്ന സംഘാടകരുടെ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ ബംഗളൂരുവില്‍ നിന്ന് രാജസ്ഥാനില്‍ എത്തിയതെന്ന് പറയുന്നു. അവിടെ വച്ച് നിര്‍ജലീകരണവും വിശപ്പും കാരണം അസ്ബാക്ക് മോനെ മരണമടഞ്ഞ അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്നും സുമേറ മൊഴി നല്കി. ഭര്‍ത്താവിന്റെ മരണത്തില്‍ ആരെയും സംശയമില്ലെന്ന സുമേറയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാജസ്ഥാന് പൊലീസ് തുടര്‍ അന്വേഷണം ഒന്നും നടത്തിയില്ല.
എന്നാല്‍ അസ്ബാക്ക് മോന്റെ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കഴുത്ത് ഒടിഞ്ഞതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പുറമേ മരണമടയുമ്ബോള് അസ്ബാക്കിന്റെ വയറില്‍ പകുതി ദഹിച്ച അവസ്ഥയില്‍ ഭക്ഷണം ഉണ്ടായിരുന്നുവെന്നും അത്തരം അവസ്ഥയില്‍ നിര്‍ജലീകരണം സംഭവിക്കില്ലെന്നും പൊലീസ് കണ്ടെത്തി. ഇതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുമേറയുടേയും സുഹൃത്തുക്കളുടേയും പങ്ക് വ്യക്തമാകുന്നത്.
ഭര്‍ത്താവിന്റെ മരണശേഷം മാത്രമാണ് രാജസ്ഥാനില്‍ എത്തിയതെന്ന സുമേറയുടെ മൊഴി വ്യാജമാണെന്നും അസ്ബാക്കിനെ കാണാതാകുന്നതിന്റെ തലേന്ന് സുമേറയും സുഹൃത്തുക്കളും പരിശീലനം നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ സ്ഥലം സന്ദര്‍ശിച്ചതിന്റെ പിറ്റേ ദിവസമാണ് അസ്ബാക്ക് മരണമടയുന്നത്.
അസ്ബാക്കിന്റെ മരണത്തില്‍ സഞ്ജയുടെ പങ്കിനെകുറിച്ച് തുടക്കം മുതല്‍ സംശയം ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ ജയ്സാല്‍മീര്‍ എസ് പി അജയ് സിംഗ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം അസ്ബാക്കിന്റെ പക്കല്‍ നിന്നും മൊബൈല്‍ ഫോണും മറ്റ് സാധനങ്ങളും നീക്കിയത് സഞ്ജയ് ആണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Follow us on