
മലപ്പുറം>>> അഭിഭാഷകന് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ 40 ദിവസത്തിനു ശേഷം ലോറി ഡ്രൈവര്‍ അറസ്റ്റിലായി. ഡ്രൈവര്‍ക്കൊപ്പം വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിലമ്പൂര്‍ മരുത മുണ്ടപ്പെട്ടി സ്വദേശി കാരാടന്‍ മുഹമ്മദിന്റെ മകനും മഞ്ചേരി ബാറിലെ അഭിഭാഷകനുമായ അഡ്വ. ഇര്‍ഷാദാണ് (30) ഓഗസ്റ്റ് 10ന് രാത്രി 12.30ഓടെയുണ്ടായ അപകടത്തില്‍ മരിച്ചത്. തിരുവനന്തപുരം പെരുമാതുറ സ്വദേശി തെരുവില്‍ തൈവീട്ടില്‍ മുസ്തഫയാണ് (29) കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വരികയായിരുന്ന മുസ്തഫ ഓടിച്ച മീന്‍ ലോറിയാണ് അപകടം ഉണ്ടാക്കിയത്. തേഞ്ഞിപ്പലം ചേളാരി ഭാഗത്തുനിന്ന് അമിതവേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ ലോറി പൈങ്ങോട്ടൂര്‍ വളവില്‍വെച്ച് ഇര്‍ഷാദിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിനു ശേഷം ലോറി നിര്‍ത്താതെ പോകുകയും ചെയ്തു.
എന്നാല്‍ ലോറിയുടെ പിന്നാലെ എത്തിയ കാര്‍ യാത്രക്കാരന് ഐക്കരപ്പടി സ്വദേശി ദുല്‍ഖിഫിലാണ് ഇടിച്ചത് ലോറിയാണെന്നെ വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസ് വിശദമായ പരിശോധന നടത്തിയിരുന്നെങ്കിലും ലോറി തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.
ഈ സമയം നിരവധി ചരക്കു ലോറികള്‍ ഇതുവഴി കടന്നുപോയിരുന്നു. തേഞ്ഞിപ്പലം-രാമനാട്ടുകര റൂട്ടില്‍ ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തെ കടകളിലെ സിസിടിവി ക്യാമറകള്‍ അഴിഞ്ഞുമാറ്റിയിരുന്നതും അന്വേഷണത്തെ സാരമായി ബാധിച്ചു.
ഇതോടെ അപകടമുണ്ടാക്കിയ ലോറി കണ്ടെത്താന്‍ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുകയായിരുന്നു. മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസ്, കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫ് എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പുതിയ അന്വേഷണസംഘം രംഗത്തെത്തിയത്.
ദേശീയപാതയിലെ തലപ്പാറ മുതല്‍ രാമനാട്ടുകര അഴിഞ്ഞിലം കടവ് റിസോര്ട്ടുവരെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും അപകടം നടന്ന ദിവസം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിരവധി വാഹനങ്ങള്‍ അനേഷിച്ച് കണ്ടുപിടിച്ചും നേരിട്ട് പരിശോധന നടത്തിയും ശാസ്ത്രീയ പരിശോധന നടത്തിയുമാണ് ലോറിയും ഡ്രൈവറെയും കണ്ടെത്തിയത്.
ഹൈടെക്ക് സെല്ലിന്റെയും കൂടി സഹായത്തോടെ നടത്തിയ വിശകലനത്തിലാണ് അപകടം ഉണ്ടാക്കിയ ലോറി കണ്ടെത്തിയത്. സബ് ഇന്‍സ്പെക്ടര്‍മാരായ സംഗീത് പുനത്തില്‍, സി. ശാഹുല്‍ ഹമീദ്, എ.എസ്.ഐ രവീന്ദ്രന്, സി.പി.ഒ റഫീക്ക്, ഹോം ഗാര്‍ഡ് മണികണ്ഠന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Follow us on