‘അയാള്‍ വേറെ പാര്‍ട്ടി നോക്കുന്നതാ നല്ലത്’- എസ്.രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് എം.എം.മണി

ഇടുക്കി>>ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ വീണ്ടും എംഎം മണി. ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണ്. ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ല. ഇക്കൂട്ടര്‍ പാര്‍ട്ടി വിട്ടു പോയാലും പ്രശ്‌നമില്ല. രാജേന്ദ്രന് എല്ലാം നല്കിയത് പാര്‍ട്ടിയാണെന്നും ഇപ്പോള്‍ ഇങ്ങനെ ഓരോന്ന് ചെയ്യുന്നതിന് പണികിട്ടുമെന്നും മറയൂര്‍ ഏരിയ സമ്മേളനത്തില്‍ എംഎം മണി തുറന്നടിച്ചു.

മണിയുടെ വാക്കുകള്‍ –

പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമാണ് സഖാവ് എസ്.രാജേന്ദ്രന്‍. ഈ ജില്ലയിലെ ഏതു സമ്മേളനത്തിനും അയാള്‍ക്ക് വരാം. മൂന്നാര്‍ സമ്മേളനത്തിന് അയാള്‍ വരേണ്ടതാണ്. അയാളുടെ നാടാണ്… വന്നില്ല. കുടിക്കുന്ന വെള്ളത്തില്‍ മോശം പണി ചെയ്യരുത്. അയാള്‍ക്ക് രാഷ്ട്രീയബോധമുണ്ടാക്കി, പക്ഷേ ബോധം തെറ്റിപ്പോയി. മൂന്ന് തവണയായി 15 വര്‍ഷം എംഎല്‍എയാക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കി.. പോരെ. ജീവിതകാലം മുഴുവന്‍ അയാള്‍ക്ക് പെന്‍ഷന്‍… നല്ല സംഖ്യ കിട്ടും. പുള്ളി ചത്തു പോയാള്‍ പൊണ്ടാട്ടിക്ക് കിട്ടും. ഇനിയെന്താണ് ഇതിനപ്പുറം ഈ പാര്‍ട്ടി വേണ്ടത്.

എന്നിട്ട് ഒരുമാതിരി പണി കൊള്ളുകേല്ല. അയാള്‍ക്ക് എന്തൊക്കെ പ്രശ്‌നമുണ്ടെങ്കിലും ഈ സമ്മേളനങ്ങളിലൊക്കെ വരാതിരുന്നത് സംഘടനാ വിരുദ്ധമാണ്. സംഘടനാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അയാളൊരു കുഴപ്പവും കാണിച്ചില്ലെന്ന് വന്നാപോലും ഈ വരാതിരുന്നത് കൊണ്ട് അയാള്‍ക്കിനി തുടരാന്‍ കഴിയില്ല. അയാളെ നമ്മളെന്തിനാ ചുമക്കുന്നേ… പുറത്താക്കും. അയാള്‍ വേറെ പാര്‍ട്ടി നോക്കുന്നതാ നല്ലത്. അല്ലെങ്കില്‍ മാനം മര്യാദയ്ക്ക് അച്ചടക്ക നടപടി വാങ്ങിച്ച് ഇതിന്റെ ഭാഗമായി നിന്നാല്‍ കൊള്ളാം.

ഒരാഴ്ച മുന്‍പ് നടന്ന സിപിഎം അടിമാലി ഏരിയ സമ്മേളനത്തില്‍ എം.എം.മണി രാജേന്ദ്രനെതിരെ പരസ്യ വിമര്‍ശനം നടത്തിയിരുന്നു. സ്ഥാനമാനങ്ങളാകരുത് പാര്‍ട്ടിക്കാരുടെ ലക്ഷ്യമെന്നും മൂന്ന് തവണ എംഎല്‍എ ആയിട്ടും വീണ്ടും സ്ഥാനത്തിന് ശ്രമിച്ചതാണ് എസ് രാജേന്ദ്രന്റെ വീഴ്ചയെന്ന് എംഎം മണി കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാജേന്ദ്രനെതിരെ അന്വേഷണം നടക്കുകയാണെന്നും പാര്‍ട്ടി ഉചിതമായ നടപടിയെടുക്കുമെന്നും മണി പറഞ്ഞിരുന്നു. ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പ്പിക്കാന്‍ ഇത്തവണ സീറ്റ് കിട്ടാത്ത രാജേന്ദ്രന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ സിപിഎം നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണവും തുടരുകയാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →