LOADING

Type to search

ലൗ ജിഹാദ് ആരോപണവുമായി കൈപുസ്തകം; ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത

Latest News Local News News

കൊച്ചി>>>ലൗ ജിഹാദ് ആരോപണവുമായി കൈപുസ്തകം പുറത്തിറക്കിയതില്‍ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത. പുസ്തകത്തിലൂടെ ഒരു മതത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. ആര്‍ക്കെങ്കിലും തെറ്റിധാരണ ഉണ്ടാവുകയോ വിഷമമുണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് രൂപത അറിയിച്ചു.

ക്രൈസ്തവ യുവജനങ്ങളെ ക്രിസ്തീയ വിശ്വാസ ബോധ്യത്തില്‍ നിലനിറുത്തുകയും പെണ്‍കുട്ടികളെ ചൂഷ്ണത്തില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് പുസ്തകം പുറത്തിറക്കിയതെന്ന് മതബോധന കേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പള്ളിക്കാവയലില്‍ വ്യക്തമാക്കി. സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളിലൂടെ എന്ന പുസ്തകമാണ് വിവാദത്തിലായത്.

അതേസമയം, പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സുരേഷ് ഗോപി എംപി പാലാ ബിഷപ്പുമായി ബിഷപ്പ് ഹൗസിലെത്തി കൂട്ടിക്കാഴ്ച നടത്തി. ബിഷപ്പ് ആവശ്യപ്പെട്ടാല്‍ വിഷയത്തില്‍ ഇടപെടുമെന്നും ബിഷപ്പിനെ സന്ദര്‍ശിക്കുമെന്നും സുരേഷ് ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കളെല്ലാം ബിഷപ്പിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ ഇടപെടലും.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ നാര്‍ക്കോട്ടിക് ജിഹാദ് എന്ന പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി എംപി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്നത്. നാര്‍കോട്ടിക്, ലവ് ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇര ആക്കുന്നു എന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തില്‍ പറഞ്ഞു. ഈ ജിഹാദിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.

ബിഷപ്പിന്റെ വാക്കുകള്‍ -‘ മുസ്ലീംങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐഎസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും. കത്തോലിക്ക യുവാക്കളില്‍ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട് ‘.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് നിഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറയുന്നു. മുസ്ലീം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പല തരത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നും ഹലാല്‍ വിവാദം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.

ഇതിന് പിന്നാലെ ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശം ഏറ്റെടുത്ത് നായര്‍ സര്‍വീസ് സൊസൈറ്റി രംഗത്തുവന്നു. പ്രലോഭനങ്ങളിലൂടെ കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുവെന്ന് എന്‍.എസ്.എസ്. സ്‌നേഹമെന്ന വജ്രായുധം കാട്ടി പെണ്‍കുട്ടികളെ മതം മാറ്റുന്നു. പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് ആശങ്കാജനകമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

പാലാ ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദ് പരാമര്‍ശം അനവസരത്തിലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. മതനേതാക്കള്‍ ഇതര സമുദായങ്ങള്‍ക്കുമേല്‍ കടന്നു കയറിയാല്‍ മതേതര കേരളം അത് അനുവദിക്കില്ല. പരസ്പരം സ്പര്‍ധയുണ്ടാക്കുന്ന നിലപാടുകളെ ഒന്നിച്ചെതിര്‍ക്കണമെന്നും പാലാ ബിഷപ്പ് തിരുത്തലിന് തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഹമ്മദ് ദേവര്‍കോവില്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.