മൂന്നാഴ്ച ലോക്ഡൗണില്ല: മാനദണ്ഡം പാലിച്ച് ബുധനാഴ്ച മുതല്‍ മാളുകള്‍ തുറക്കും

രാജി ഇ ആർ -

തിരുവനന്തപുരം>>>ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണോടെ തല്‍ക്കാലത്തേക്ക് ഇനി അടച്ചിടലില്ല. മൂന്നാഴ്ച തുടര്‍ച്ചയായി കേരളം തുറന്നിടും. ഓണവിപണികള്‍ ഇന്നു മുതല്‍ സജീവമാകും.

വെള്ളിയാഴ്ചയാണ് അത്തം. കൂടുതല്‍ കടകളും സ്ഥാപനങ്ങളും തുറക്കാനും ശനിയാഴ്ചകളിലെ സമ്ബൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ഡൗണുണ്ടെങ്കിലും സ്വാതന്ത്ര്യദിനമായതിനാല്‍ ആഗസ്ത് 15നും ഓണമായതിനാല്‍ 22നും ഒഴിവാക്കി.

മാനദണ്ഡം പാലിച്ച് ബുധനാഴ്ച മുതല്‍ മാളുകളും തുറക്കും. അതേസമയം, കൊവിഡ് ബാധിത കേന്ദ്രങ്ങളില്‍ റാപ്പിഡ് റസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനം കര്‍ശനമാക്കാന്‍ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

വ്യാപാര കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും വ്യാപാരികളും നടപടികളെടുത്തിട്ടുണ്ട്. റസ്റ്റോറന്റുകളില്‍ എസി ഉപയോഗിക്കാതെ ഭക്ഷണം കഴിക്കാനുള്ള അനുമതിയും താമസിയാതെ നല്‍കിയേക്കും.