ദേശീയ ലോക്ക്ഡൗണില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി, രാജ്യത്ത് കൊവിഡ് ഉയര്‍ന്ന് തന്നെ

-

ദില്ലി>> ദേശീയ ലോക്ക്ഡൗണ്‍
ഇല്ലെന്ന സന്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. വാക്‌സീനാണ് വൈറസിനെതിരെയുള്ള പ്രധാന ആയുധമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷവും അതിജീവിച്ചത് പോലെ ഇത്തവണയും കൊവിഡിനെ അതിജീവിക്കാനാകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി വ്യാപനം തടയാന്‍ വേണ്ട നിര്‍ദേശങ്ങളും സംസ്ഥാനങ്ങള്‍ക്ക് നല്‍കി. മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ വ്യാപനമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ പ്രാദേശികമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. നിയന്ത്രണങ്ങള്‍ സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദേശീയ ലോക്കഡൗണ്‍ ആലോചനയിലില്ലെന്ന സന്ദേശമാണ് ഇതിലൂടെ പ്രധാനമന്ത്രി നല്കിയത്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിനായി ടെലി മെഡിസിന്‍ സൌകര്യങ്ങള്‍ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ആശുപത്രി സൌകര്യങ്ങളും യോഗത്തില്‍ പ്രധാനമന്ത്രി വിലയിരുത്തി. കുട്ടികളെ ചികിത്സിക്കാന്‍ ആവശ്യമായ യൂണിറ്റുകളും ലക്ഷകണക്കിന് ഓക്‌സിജന്‍ കിടക്കകളും തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വീടുകളിലെത്തിയുള്ള വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണം. മൂന്ന് കോടിയിലധികം കൌമാരക്കാര്‍ വാക്‌സീന്‍ സ്വീകരിച്ചതില്‍ ആരോഗ്യ പ്രവര്‍ത്തകരേയും, ആശ വര്‍ക്കര്‍മാരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

അതേ സമയം രാജ്യത്ത് കൊവിഡ് കേസുകളില്‍ ഒറ്റ ദിവസത്തിനിടെ 27 ശതമാനം വര്‍ധനയുണ്ടായി. രണ്ട് ലക്ഷത്തി നാല്പത്തിയേഴായിരത്തി നാനൂറ്റി പതിനേഴ് പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 380 മരണം റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമായി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു. ദില്ലിയില്‍ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി. 28867 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →