ആവോലിച്ചാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ 10.7 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

രാജി ഇ ആർ -

കോതമംഗലം >>> കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട്, പല്ലാരിമംഗലം,വാരപ്പെട്ടി പഞ്ചായത്തുകളിലേയും കോതമംഗലം മുന്‍സിപ്പാലിറ്റിയിലും വേനല്‍ കാലത്ത് ഉണ്ടാകുന്ന കുടിവെള്ള പ്രശ്‌നങ്ങള്‍ക്കും,കടുത്ത വരള്‍ച്ചയ്ക്കും,ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി ആവിഷ്‌കരിച്ചിട്ടുള്ള ആവോലിച്ചാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് 10.7 കോടി രൂപയുടെ അംഗീകാരമായി.

ആവോലിച്ചാലില്‍ പുതിയ പമ്പ്ഹൗസ് സ്ഥാപിച്ച് പെരിയാറില്‍നിന്നും 800 മീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ വഴി വെള്ളം ലിഫ്റ്റ് ചെയ്തു പേരക്കുത്ത് തോട്ടിലേക്ക് ചാടിച്ച് തുടര്‍ന്ന് വെള്ളാമകുത്ത് തോട് വഴി 9 കിലോമീറ്റര്‍ ദൂരത്തില്‍ വെള്ളം ഒഴുക്കി പരീക്കണ്ണി ഭാഗത്ത് കോതമംഗലം പുഴയിലേക്ക് വെള്ളമെത്തിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നതോടെ വാട്ടര്‍ അതോറിറ്റിയുടെ കോഴിപ്പിള്ളിയിലുള്ള പ്രധാന പമ്പ് ഹൗസ് ഉള്‍പ്പെടെ വിവിധ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് വേനല്‍ക്കാലത്ത് ഉള്‍പ്പെടെ മുഴുവന്‍ സമയവും സുലഭമായി വെള്ളം പമ്പ് ചെയ്യുവാനുള്ള സാഹചര്യം രൂപപ്പെടും.അതോടൊപ്പം പേരക്കുത്ത്,വെള്ളാമകുത്ത് തോടുകളായി 9 കിലോമീറ്റര്‍ ദൂരത്തില്‍ എട്ടോളം ചെക്ക് ഡാമുകള്‍ നിലവിലുണ്ട്.

പദ്ധതിയുടെ ഭാഗമായി ഈ ചെക്ക് ഡാമുകളും നവീകരിക്കുന്നതോടെ പ്രസ്തുത തോടുകളായി 9 കിലോമീറ്റര്‍ ദൂരത്തില്‍ കടുത്ത വേനലിലും വെള്ളം നിറഞ്ഞു നില്‍ക്കുന്ന സാഹചര്യമുണ്ടാകും.ഇത് കവളങ്ങാട്,പല്ലാരിമംഗലം, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിലെയും,കോതമംഗലം മുനിസിപ്പാലിറ്റിയിലെയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതോടൊപ്പം തന്നെ കൃഷിക്കും,ജലസേചനത്തിനും ഉപയോഗപ്രദമാകുന്നതുമാണ്.

പദ്ധതി നടപ്പിലാക്കുന്നതിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് അവലോകന യോഗം ചേര്‍ന്നു.ആന്റണി ജോണ്‍ എം എല്‍ എ,മുന്‍ എം എല്‍ എ എം വി മാണി,കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ,ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി പമ്പ് ഹൗസ് 24,44,189.95,സക്ഷന്‍ ആന്‍ഡ് ഡെലിവറി പൈപ്പ് ലൈന്‍ 38,00,621.05,ചെക്ക് ഡാം മെയിന്റനന്‍സ് 2,94,62,514.96,സപ്ലൈ ആന്‍ഡ് ലെയിങ്ങ് ഓഫ്പമ്പ്,സ്റ്റാര്‍ട്ടര്‍,വാക്കം പമ്പ്,സെക്ഷന്‍ ആന്‍ഡ് ഡെലിവറി പൈപ്പ് 4,65,00000.00,ഇലക്ട്രിഫിക്കേഷന്‍ ചാര്‍ജ് ഇജ്ജ് 1,00,00000,കെ എസ് ഇ ബി ചാര്‍ജ് 4,00000,പി ഡബ്ല്യു ഡി റോഡ് കട്ടിങ്ങ് ചാര്‍ജ് 25,00000,മറ്റ് ചാര്‍ജുകള്‍ 4,25,000,ജി എസ് ടി അടക്കം 10.70 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

രണ്ട് നദികളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ഈ മാതൃക പദ്ധതി നടപ്പിലാവുന്നതോടെ പ്രസ്തുത മേഖലകളിലെ കുടിവെള്ള ക്ഷാമത്തിനും,വേനല്‍ കാലത്തുണ്ടാകുന്ന വരള്‍ച്ചയ്ക്കും ശാശ്വത പരിഹാരമാകുമെന്ന് ആന്റണി ജോണ്‍ എം എല്‍ എ പറഞ്ഞു.