ലഖിംപൂര്‍ കേസില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി, സത്യവാങ്മൂലത്തില്‍ തൃപ്തിയില്ല

ന്യൂസ് ഡെസ്ക്ക് -

ന്യൂഡല്‍ഹി>>>ലഖിംപൂര്‍ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. കേസിനോട് സര്‍ക്കാരും പൊലീസും കാണിക്കുന്ന സമീപനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച കോടതി കേസന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥയായി മാറരുതെന്ന് ആവശ്യപ്പെട്ടു.

കേസിലെ അന്വേഷണ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസിനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി നടപടികള്‍ ആരംഭിച്ചസമയത്തും കേസന്വേഷണത്തിന്മേലുള്ള സര്‍ക്കാരിന്റെ സത്യവാങ്മൂലം ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇതിനെ തുടര്‍ന്ന് നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സീല്‍ വച്ച കവറില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സത്യവാങ്മൂലം വൈകി സമര്‍പ്പിച്ചാല്‍ എങ്ങനെ അത് പരിശോധിക്കാന്‍ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു. സത്യവാങ്മൂലത്തില്‍ 44 സാക്ഷികളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ നാല് സാക്ഷികളുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

എന്താണ് കേസ് അന്വേഷണത്തിനു കാലതാമസത്തിനു പിന്നിലെ കാരണമെന്നും കേസില്‍ നിലവില്‍ എത്ര പേര്‍ കസ്റ്റഡിയിലുണ്ടെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തൃപ്തിയില്ലെന്ന് അറിയിച്ച കോടതി ഒരിക്കലും അവസാനിക്കാത്ത ഒരു കഥയായി ഈ കേസ് മാറരുതെന്ന് ആവശ്യപ്പെട്ടു.

അന്വേഷണം ഊര്‍ജിതമായി മുന്നോട്ടു പോകണമെന്നും കേസിലെ എല്ലാ സാക്ഷികള്‍ക്കും മതിയായ സുരക്ഷ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍ വൈകിയ സാഹചര്യത്തില്‍ കേസ് ഇന്ന് പരിഗണിക്കാതെ അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →